പാറശ്ശാല ഷാരോൺ വധക്കേസ്: അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

Advertisement

തിരുവനന്തപുരം:
പാറശ്ശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഗ്രീഷ്മ ഷാരോണിനെ വിഷം കലക്കി നൽകുന്നത്
അവശനിലയിലായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു പാറശ്ശാല പോലീസ്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
നേരത്തെ ജ്യൂസിൽ പാരസറ്റമോൾ കലക്കി നൽകിയും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായ ഷാരോൺ രക്ഷപ്പെട്ടു. തുടർന്നാണ് വിഷം നൽകാൻ ഗ്രീഷ്മ തീരുമാനിച്ചത്. അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവർ ചേർന്നാണ് തെളിവുകൾ നശിപ്പിച്ചത്.
 

Advertisement