വാർത്താനോട്ടം

courtesy. akhil,kidilan trolls,fb
Advertisement

2023 ജനുവരി 25 ബുധൻ

BREAKING NEWS

👉 ആലപ്പുഴ കുതിരപ്പന്തി ബൈപ്പാസിൽ മിനിലോറി കാറിലിടിച്ച് മറിഞ്ഞ് 3 പേർക്ക് പരിക്ക്.

👉 പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം നൽകും. പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്.

👉 നെടുംങ്കണ്ടത്ത് പോക്സോ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ എസ്കോർട്ട് പോയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

👉 കോട്ടയം വയലാ സ്വദേശി അരവിന്ദൻ്റെ മരണത്തിൽ ദുരൂഹത. പോസ്റ്റ് മാർട്ടം റിപ്പോർ കാത്ത് പോലീസ്, ശരീരത്തിൽ പരിക്കുകൾ ബന്ധുക്കൾ പരാതി നൽകി.

👉 ഉത്തര പ്രദേശ് വാസിൻ
ഹസ്സൻഗഞ്ചിൽ കെട്ടിടം തകർന്ന് 12 മണിക്കൂറായി അവശിഷ്ടങ്ങൾക്കടിയിലായ അടിയിലായ 5 പേർക്ക് ഓക്സിജൻ നൽകി വരുന്നു. രക്ഷാപ്രവർത്തനം നീളുന്നു. രക്ഷപ്പെടുത്തിയ 14 പേരുടെ നില ഭേദപ്പെട്ട നിലയിൽ.

കേരളീയം

courtesy. dipin, kidilan trolls,fb

🙏തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.

🙏ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാര്‍ പരിശീലനം നേടിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു മന്ത്രി.

🙏തിരുവനന്തപുരത്ത് കഴക്കൂട്ടം കാരോട് റോഡില്‍ മേല്‍പാലം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടക്കവെ സ്റ്റേജ് തകര്‍ന്ന് വീണു. നെയ്യാറ്റിന്‍കര മണ്ണക്കല്ലില്‍ കെ ആന്‍സലര്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തതിനു പിറകേയാണ് സ്റ്റേജ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല.

🙏മിന്നല്‍ ഹര്‍ത്താല്‍ അക്രമങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു സ്വത്തു കണ്ടുകെട്ടിയവര്‍ക്കു പോപ്പുലര്‍ ഫ്രുണ്ടുമായുള്ള ബന്ധവും ഹര്‍ത്താലില്‍ അക്രമം നടത്തിയതിന്റെ വിവരവും ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശങ്ങളും അറിയിക്കണമെന്നു ഹൈക്കോടതി. 248 പേരുടെ സ്വത്തു ജപ്തിചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

🙏 മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ വീടും ഹര്‍ത്താലിന് അഞ്ചു മാസംമുമ്പേ കൊല്ലപ്പെട്ട പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടും ജപ്തി ചെയ്തതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞത്.

🙏ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിച്ച ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സംഘര്‍ഷം. ഡല്‍ഹിയിലും തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാട്ടും പ്രദര്‍ശനം തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

🙏 ഡല്‍ഹി ജെഎന്‍യുവിലും തിരുവനന്തപുരത്ത് പൂജപ്പുര തിരുമല റോഡിലും ഏറ്റുമുട്ടലുണ്ടായി. ഡല്‍ഹിയില്‍ രാത്രി ഒമ്പതോടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കേ എട്ടരയ്ക്കു വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണിലൂടേയും ലാപ്ടോപ്പിലൂടെയും ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എബിവിപി, ബിജെപി പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്.

🙏പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഈ മാസം 31 ന് വിരമിക്കും. ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി. സാംസ്‌കാരിക വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിനെ സാമൂഹിക നീതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സഹകരണവകുപ്പ് സെക്രട്ടറിയായ മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പിന്റെ അധിക ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവിനെ പൊതുമരാമത്ത് വകുപ്പിലേക്കു മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് കാര്‍ഷികോല്‍പ്പാദന കമ്മീഷണറുടെ അധിക ചുമതല. എം. ശിവശങ്കര്‍ വഹിച്ചിരുന്ന കായിക- യുവക്ഷേമ വകുപ്പുകളുടെ ചുമതല പ്രണവ് ജ്യോതിനാഥിന് നല്‍കി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന അജിത് കുമാറിനെ തൊഴില്‍ വകുപ്പിലേക്കു മാറ്റി.

🙏അടിയന്തരാവസ്ഥ
ക്കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ. പത്മനാഭന്‍ നമ്പ്യര്‍ എന്ന എ.കെ.പി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

courtesy. kidilan trolls,fb

🙏കളമശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ ജുനൈസ് വധശ്രമക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

🙏ഗുജറാത്ത് കലാപത്തെക്കുറിച്ചു ബിബിസി നിര്‍മിച്ച വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വരാന്തയില്‍ പ്രദര്‍ശിപ്പിച്ചു. സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്ഐ അനുമതി തേടിയത്.

🙏പ്രധാനമന്ത്രിയെ
ക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ നിഷേധിക്കരുതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

🙏മുഖ്യമന്ത്രി പിണറായി വിജയന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ മകന്‍ മെല്‍ഹറിന്റെ മുത്തം. എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാര തുകയായ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയപ്പോള്‍ മുത്തം നല്‍കിയ ചിത്രം ദിവ്യ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥിനൊപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കണ്ടത്.

🙏ഇടുക്കി പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേര്‍ പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ബെവ്കോ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് പിടിയിലായത്.

🙏കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് താത്കാലിക നിയമനം.

🙏മണ്ണാര്‍ക്കാട് എടിഎം മെഷീനില്‍ കൃത്രിമം കാണിച്ചു പണം തട്ടിയതിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിനു പിറകേ മണ്ണാര്‍ക്കാട് എസ്ബിഐ ബ്രാഞ്ച് പോലീസില്‍ പരാതി നല്‍കി.

🙏തൊടുപുഴയില്‍ പണംവച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടര്‍ന്ന് തൊടുപുഴയിലെ റോയല്‍ ക്ലബ്ബില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്.

🙏കോഴിക്കോട് ഉണ്ണികുളത്ത് സ്‌ക്കൂള്‍ വിദ്യാര്‍ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മല്‍ പ്രസാദിന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്.

ദേശീയം

🙏പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷമാണ് വില കുറയുമെന്ന സൂചനകള്‍.

🙏ബിബിസി ഡോക്യുമെന്ററി വിലക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ ഒളിക്കുകയാണെന്നും യെച്ചൂരി പ്രതികരിച്ചു.

🙏ഡല്‍ഹിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഹിമാലയന്‍ താഴ്‌വരയില്‍ നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യയിലും നേപ്പാളിലും ചൈനയിലും ഭൂമികുലുക്കം പ്രകടമായി.

🙏പ്രതിപക്ഷ ഐക്യനീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അടുത്ത മാസം 17 ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ക്കാണ് ക്ഷണം.

🙏രാഹുല്‍ ഗാന്ധി ഗൃഹപാഠം ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉണ്ടായ അഭിവൃദ്ധി മനസിലാക്കാതെയാണ് പ്രത്യേക പദവി പുനസ്ഥാപിക്കുമെന്നു പ്രസംഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരകണക്കിന് കിലോമീറ്റര്‍ ഒപ്പം നടന്നിട്ടും ദിഗ്വിജയ് സിംഗ് ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കാന്‍ പഠിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

courtesy. troll kerala,fb

🙏ആശുപത്രിയില്‍നിന്ന് രക്തം കയറ്റി എയ്ഡ്സ് ബാധിതനായി മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ഡെറാഡൂണ്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ശരിവച്ചു. സഹാറന്‍പൂര്‍ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായെത്തിയ മൊഹാലിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.

🙏രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വാതില്‍ തുറക്കാത്തതുമൂലം പൈപ്പ് ലൈന്‍ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ ശ്രമിച്ച യുവാവ് താഴെവീണു മരിച്ചു. തിരുപ്പത്തൂര്‍ സ്വദേശി മുപ്പതുകാരനായ തെന്നരശാണ് മരിച്ചത്.

🙏പ്രശസ്തിക്കുവേണ്ടി ബംഗളൂരുവിലെ തിരക്കുള്ള കെ ആര്‍ മാര്‍ക്കറ്റ് മേല്‍പാലത്തിനു മുകളില്‍ നിന്ന് പത്തുരൂപാ നോട്ടുകള്‍ താഴേക്കു വലിച്ചെറിഞ്ഞ് ഗതാഗതക്കുരുക്കുണ്ടാക്കിയ യുവാവ് അറസ്റ്റിലായി. കോട്ടും സ്യൂട്ടും ധരിച്ചാണ് ഇയാള്‍ നോട്ടുകള്‍ വാരി വിതറിയത്. ഇവന്റ് മാനേജ്മെന്റ് – മാര്‍ക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ കമ്പനിയുടെ പ്രശസ്തിക്കായാണ് ഇതു ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു.

🙏കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ എതിര്‍ക്കില്ലെന്ന് ഹൈന്ദവ സംഘടനകളായ ബജ്രംഗ്ദളും വിശ്വഹിന്ദു പരിഷത്തും. സിനിമയുടെ പേരില്‍ വിവാദം അരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്കിയിരുന്നു.

🙏ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് രണ്ടാം തവണയും പത്തു ലക്ഷം രൂപ പിഴ ചുമത്തി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്തില്‍ യാത്രക്കാരുടെ മോശമായ പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് പിഴശിക്ഷ.

🙏തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗംമൂലമാണ് മരിച്ചത്.

അന്തർദേശീയം

🙏അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം. യഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏ബ്രസീലിലെ യാനോമാമി മേഖലയില്‍ പട്ടിണിയിലായിരുന്ന ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്തു. 16 ആദിവാസികളെയാണ് രക്ഷിച്ചത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ആരോപിച്ചത്.

🙏അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ഡ് മോട്ടോര്‍സ് 3,200 ജീവനക്കാരെ പിരിച്ചുവിടുന്നു. ജര്‍മ്മനിയിലെ ജീവനക്കാരെയാണ് കൂടുതല്‍ ബാധിക്കുക. കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് 3,000 പേരെ പിരിച്ചുവിട്ടിരുന്നു.

കായികം

🏏 ന്യൂസിലാണ്ടിനെ തിരായ മൂന്നാം ഏകദിനത്തില്‍ 90 റണ്‍സിന് വിജയിച്ച ഇന്ത്യ 3- 0 ന് പരമ്പര തൂത്തുവാരി, ഒപ്പം ഏകദിനറാങ്കിംഗില്‍ ഒന്നാം സ്ഥാനവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 112 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 101 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും മികവില്‍ 9 വിക്കറ്റ് നഷ്ടടത്തില്‍ 385 റണ്‍സ് നേടി.

🏏 കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാണ്ടിന് 138 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വേയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ 295 ല്‍ എറിഞ്ഞൊതുക്കി. 25 റണ്‍സും 3 വിക്കറ്റും നേടിയ ശാര്‍ദുല്‍ ഠാക്കൂറാണ് കളിയിലെ താരം. ശുഭ്മാന്‍ ഗില്ലിനെ സീരിസിന്റെ താരമായി തിരഞ്ഞെടുത്തു.

🏏 ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്ത്യ നിലവില്‍ ട്വന്റി20 റാങ്കിങ്ങിലും ഒന്നാമതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here