ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ,അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ

Advertisement

കൊച്ചി.ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തലുമായി ഹൈക്കോടതി വിജിലന്‍സ്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻതോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തി. അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ഇതിനിടെ സംഭവത്തില്‍ അഭിഭാഷകന് പണം നല്‍കിയ നിര്‍മ്മാതാവിന്റെ മൊഴി രേഖപ്പെടുത്തി.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസിനെതിരെ ആകെ 72 ലക്ഷം രൂപയുടെ കോഴയാരോപണമുണ്ട്. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം വാങ്ങി. നാല് അഭിഭാഷകര്‍ ഇതുസംബന്ധിച്ച് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകി. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം.

ഇതിനിടെ സൈബി ജോസിന് പണം നൽകിയ നിർമ്മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അഡ്വ.സൈബിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ഡിജിപിക്ക് സമര്‍പ്പിക്കുമെന്നും കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here