ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് കാത്തോലിക്ക മുഖപത്രം ദീപിക

Advertisement

കോട്ടയം. ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കാത്തോലിക്ക മുഖപത്രം ദീപിക. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. ചത്തീസ്ഗഡില്‍ ആയിരക്കണക്കിന് ക്രൈസ്തവരെ വീടുകളില്‍ നിന്നും തല്ലിയോടിക്കുന്നു. യു.പിയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത്. പ്രതിസ്ഥാനത്തുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ദീപിക ആരോപിക്കുന്നു.

കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് കാത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ദീപിക ദിനപത്രം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നം സ്ഥാനത്താണ്. സംഘപരിവാര്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ചത്തീസ്ഗഡിലേത്. ആയിരക്കണക്കിന് ക്രൈസ്തവര്‍ തങ്ങളുടെ വീടുകളില്‍ നിന്നും തല്ലിയോടിക്കപ്പെടുകയാണ്. എന്നാല്‍ കരയുന്ന പൗരന്മാര്‍ക്ക് മുമ്പില്‍ ഭരണകൂടം നിസംഗതയോടെ നില്‍ക്കുകയാണ്. 2022 ജനുവരി മുതല്‍ ജൂലൈ വരെ മാത്രം ഇന്ത്യയില്‍ 302 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നു.

രാജ്യപുരോഗതിക്കായി കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണ്. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത് യുപിയിലാണ്. പ്രതിസ്ഥാനത്തുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുകൂലമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാരുകള്‍ കോടതിയില്‍ സ്വീകരിക്കുന്നതെന്നും ദീപിക കുറ്റപ്പെടുത്തുന്നു. സര്‍ക്കാരുകള്‍ ഇരകള്‍ക്കൊപ്പമല്ലെങ്കില്‍ ധര്‍മ്മ സംസ്ഥാപനം അസാധ്യമാകുന്നുവെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു.

Advertisement