ജീവിതം തന്നെ ഒരു ലോട്ടറിയായ അഖിലേഷിന് ആശ്വാസമായി ലോട്ടറി സമ്മാനം

കോട്ടയം: ജീവിതം തന്നെ ഒരു ലോട്ടറിയായ അഖിലേഷിന് ആശ്വാസമായി ലോട്ടറി സമ്മാനം. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് നാട്ടുകാര്‍ പിരിവെടുത്ത അഖിലേഷിന് ക്രിസ്മസ് പുതുവത്സര ബമ്ബര്‍ ലോട്ടറിയുടെ ഒരു കോടി സമ്മാനം.വൈക്കം പുത്തന്‍വീട്ടില്‍ കരയില്‍ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്.

2018ല്‍ പക്ഷാഘാതം സംഭവിച്ച അഖിലേഷ് 3 മാസം ആശുപത്രിയിലായിരുന്നു. അന്ന് ചികിത്സയ്ക്കു എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച അഖിലേഷും ഭാര്യ കുമാരിയും നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. വാടകവീട്ടില്‍നിന്നു സ്വന്തം വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു ഇവര്‍.

അഖിലേഷ് വല്ലപ്പോഴും മാത്രമാണു ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. വൈക്കം വടക്കേനട സ്‌കൂളിനു മുന്‍വശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യില്‍നിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്. ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചു.

Advertisement