മാപ്പിളപ്പാട്ടുപാടിയില്ലെങ്കില്‍ അടിച്ചോടിക്കുമോ, ഗായികയുടെ മറുപടി വൈറലായി

ഈരാറ്റുപേട്ട: നഗരോത്സവം പരിപാടിക്കിടെ ഭീഷണിപ്പെടുത്തിയയാളെ പരസ്യമായി ശകാരിച്ച് ഗായിക സജില സലിം. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തിയ ആളെയാണ് വേദിയിലേക്ക് വിളിച്ച് സജില ശകാരിച്ചത്. ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. എന്നാല്‍ അത് താനല്ലെന്ന് വേദിയിലെത്തിയ വ്യാപാരി നേതാവ് വെളിപ്പെടുത്തി.

വേദിയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ച് വരികയായിരുന്നു സജില. അതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളിലൊരാള്‍ സദസ്സില്‍ നിന്നു വിളിച്ചു പറയുകയായിരുന്നു. ഇതില്‍ അനിഷ്ടം കാണിച്ച സജില വേദിയില്‍ വച്ചു തന്നെ പ്രതികരിച്ചു.

ആക്രോശിച്ചയാളോട് സ്റ്റേജിലേക്കു കയറി വരാന്‍ പറഞ്ഞ സജില, എല്ലാവരുടേയും ഇഷ്ടത്തിന് അനുസരിച്ചുള്ള പാട്ടികളാണ് താന്‍ പാടുന്നതെന്ന് ശ്രേതാവിനെ ഓര്‍മ്മിപ്പിച്ചു.

‘സംഗീതപരിപാടി അവതരിപ്പിക്കാന്‍ വേണ്ടി ക്ഷണിച്ചപ്പോള്‍ മാപ്പിളപ്പാട്ട് മാത്രം മതിയെന്നു പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാ പാട്ടുകളും ഇടകലര്‍ത്തിയാണു പാടുന്നത്. എല്ലാത്തരം പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ തന്നെയാണല്ലോ ഇവിടെ പരിപാടി കാണാന്‍ വന്നിരിക്കുന്നത്.’

അപ്പോള്‍ പാട്ട് പാടിയാല്‍ അടിച്ചോടിക്കുമെന്നു പറയുന്നത് ഞങ്ങള്‍ക്കു വലിയ ഇന്‍സല്‍ട്ട് ആണ്. ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഒന്നമല്ലാതായിപ്പോകും. അതുകൊണ്ടാണ് ഞാനിത് സ്റ്റേജില്‍ വച്ചു തന്നെ പറയുന്നത്.’

‘ഇത് പറയാതിരിക്കാന്‍ പറ്റില്ല. കുറേ നേരമായി ഇക്കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്. ആരോടും ഇങ്ങനെയൊരു പെരുമാറ്റം പാടില്ല. നിങ്ങളെ ആസ്വദിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ പാട്ടു പാടുന്നത്’- എന്നാണ് ഗായിക വിശദീകരിച്ചത്.

ഇതോടെ കാണികളില്‍ നിന്നും സജിലയ്ക്ക് വലിയ തോതിലുള്ള പിന്തുണയാണു ലഭിച്ചത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണിപ്പോള്‍. സംഭവത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി എച്ച് അൻസാരി.അൻസാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഭീഷണിപ്പെടുത്തിയത് താനല്ലെന്നും പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ വേദിയിലെത്തി ഏത് പാട്ടും പാടിക്കൊള്ളാൻ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അൻസാരി പറഞ്ഞു

Advertisement