ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി യുവതി അഞ്ച് വർഷം ജീവിച്ച സംഭവത്തിൽ ഫോറെൻസിക് പരിശോധന

Advertisement

കോഴിക്കോട്.ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി യുവതി അഞ്ച് വർഷം ജീവിച്ച സംഭവത്തിൽ ഫോറെൻസിക് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി നാല് മാസമായിട്ടും നടപടിയില്ലെന്നആക്ഷേപമുയര്‍ന്നിരുന്നു.

ഹർഷിനയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കത്രിക ആഭ്യന്തര വകുപ്പിന് കൈമാറും. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം.

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് ഇതേ മെഡിക്കൽ കോളേജിൽ വെച്ച് കത്രിക പുറത്തെടുത്തത്. വാർത്ത വന്നതിന് പിന്നാലെ ആരോഗ്യ വകുപ്പ് മൂന്നാംഗ അന്വേഷണ സമിതി രൂപീകരിച്ചു. എന്നാൽ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന പേരിലാണ് പുതിയ സമിതിയെ നിയോഗിച്ചത്.

Advertisement