അങ്ങോട്ടൊരു മാല, തിരിച്ചും, പിന്നെ ഒരു ഒപ്പിടൽ; ലളിതം സുന്ദരം ഈ കല്യാണം

വിവാഹം പണക്കൊഴുപ്പിന്റെ പ്രകടനങ്ങളാകുന്ന കാലത്തും ലളിതമായ കല്യാണങ്ങൾ ഒരുപാട് നടക്കാറുണ്ട് നമുക്ക് ചുറ്റും. അങ്ങനെ ഒരു കല്യാണം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നടന്നു.

ഒപ്പം ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെ മാത്രം സാക്ഷ്യം നിർത്തി കല്യാണ മാല വധു വരന്റെ കഴുത്തിലിട്ടു. തിരിച്ചൊരു മാല വരൻ വധുവിനെ അണിയിച്ചു. റജിസ്റ്റർ പുസ്തകത്തിൽ ഒരു ഒപ്പിടൽ. കഴിഞ്ഞു കല്യാണം. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നിയുക്ത ഉപാധ്യക്ഷനും സിപിഐ നേതാവുമായ ശുഭേഷ് സുധാകരന്റെ വിവാഹവിശേഷങ്ങളാണ് ഇത്.

‘വിവാഹം ആർഭാടമായി നടത്തേണ്ടതാണെന്ന് പണ്ടുമുതലേ ഇല്ല. അങ്ങനെയൊരു പങ്കൊളിയെ കിട്ടിയപ്പോൾ ലളിതമായി നടത്തിയെന്ന് മാത്രം’ – ശുഭേഷ് പറയുന്നു. എഐവൈഎഫ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരന്റെയും കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപിക ജയലക്ഷ്മിയുടെയും കല്യാണത്തിന് സാക്ഷ്യം വഹിക്കാൻ കൂവപ്പള്ളി രജിസ്റ്റർ ഓഫിസിൽ എത്തിയത് അടുത്ത ബന്ധുക്കളടക്കം ഇരുപത്തിയഞ്ചിൽ താഴെ ആളുകൾ മാത്രം.

‘ഞങ്ങൾ രണ്ട് പേരും കൂടെ എടുത്തൊരു തീരുമാനമാണ് ഇത്. വിവാഹം മനസ്സിന് ഇഷ്ടപ്പെട്ടു, അപ്പോൾ അതിന്റെ സമയത്ത് അത് നടക്കണമല്ലോ, അത്ര മാത്രം ‘ – ജയലക്ഷ്മി പറയുന്നു.

Advertisement