കൊല്ലം ജില്ലയിലെ സ്വന്തം വാർഡിലെ അങ്കണവാടിയിലെത്താൻ ഇവർ താണ്ടുന്നത് 60 കിലോമീറ്റർ; മൂന്നര മണിക്കൂർ സാഹസികയാത്ര

Advertisement

കൊല്ലം: ജില്ലയിലെ പിറവന്തൂർ പഞ്ചായത്ത് കടശേരി ഒന്നാം വാർഡിലെ താമസക്കാരായ ഇരുവരും മൂന്നര മണിക്കൂർ സഞ്ചരിച്ചാണ് അതേ വാർഡിൽ തന്നെ വനമധ്യത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന കിഴക്കേ വെള്ളംതെറ്റിയിൽ എത്തുന്നത്. മലമ്പണ്ടാരം വിഭാഗത്തിൽപെട്ട 23 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്.

‌രാവിലെ ആറിനു മുൻപ് ഇവർ വീട്ടിൽ നിന്നിറങ്ങും. രണ്ട് കിലോമീറ്റർ വനത്തിലൂടെ നടന്നു വേണം ടീച്ചറിനു കടശേരി ജംക്‌ഷനിൽ എത്താൻ. അവിടെ നിന്ന് ഓട്ടോയിലോ നടന്നോ പുന്നലയിൽ എത്തും. യാത്രാസൗകര്യം പരിഗണിച്ച് ശ്രീജ ഇപ്പോൾ പുന്നലയിൽ വാടകയ്ക്കു താമസിക്കുകയാണ്. അവിടെനിന്ന് ഇരുവരും ബസിൽ പത്തനാപുരത്തെത്തും. ഭാഗ്യമുണ്ടെങ്കിൽ പാടം വെള്ളംതെറ്റിക്ക് ബസ് കിട്ടും. ഇല്ലെങ്കിൽ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെത്തി മാങ്കോട്, പാടം വഴി പടിഞ്ഞാറെ വെള്ളംതെറ്റി വരെ ബസിലെത്തും.

പാടം ഗവ. എൽപി സ്കൂളിൽ കുട്ടികളെ കൊണ്ടുവരാനായി പോകുന്ന ജീപ്പിലാണു പിന്നീടുള്ള യാത്ര. ഇവിടെ രണ്ട് കിലോമീറ്റർ കൊടുംവനം. സഞ്ചാരയോഗ്യമായ വഴിയുണ്ടെന്നതു മാത്രമാണ് ആശ്വാസം. ആനയും മറ്റു മൃഗങ്ങളും പകൽ സമയത്തും വഴിയിൽ കാണും. വാഹനം കിട്ടാത്ത ദിവസങ്ങളിലും മീറ്റിങ്ങുകൾക്കു പോകാൻ നേരത്തെ മടങ്ങുമ്പോഴും അഞ്ചു കിലോമീറ്റർ ടീച്ചർക്ക് ഒറ്റയ്ക്കു നടക്കേണ്ടിവരും.

ഇരുവരും ഇവിടെ ജോലി ചെയ്യാൻ ആരംഭിച്ചിട്ട് 8 വർഷത്തോളമാകുന്നു. ശമ്പളമായി കിട്ടുന്ന 12,000 രൂപയിൽ 6000 വണ്ടിക്കൂലിയായി ചെലവാകും. ആയയ്ക്ക് 8000 കിട്ടുന്നതിൽ 5000 ചെലവാകും. 5 കുട്ടികളും അവരുടെ രക്ഷിതാക്കളും കാത്തിരിക്കുന്നതോർക്കുമ്പോൾ ദൂരവും ചെലവുമൊന്നും പ്രശ്നമാകുന്നില്ലെന്ന് ഇരുവരും പറയുന്നു.

Advertisement