കാസർഗോഡ്. ജി.ബി.ജി നിധി സ്ഥാപന ഉടമ വിനോദ്കുമാർ 2012ലും സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി. ഗ്രാമീണ സൂപ്പർ മാർക്കറ്റ് എന്ന സംരഭത്തിന്റെ പേരിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിലെ മുഖ്യ പ്രതിയാണ് വിനോദ് കുമാർ. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ തലശേരി കോടതിയിൽ ഉടൻ വിചാരണ നടപടികളും ആരംഭിക്കും
2011, 2012 കാലയളവിലാണ് ഗ്രാമീണ സൂപ്പർ മാർക്കറ്റ് എന്ന സംരഭവുമായി വിനോദ് കുമാർ ആദ്യമായി രംഗത്തെത്തുന്നത്. ഇരുപതിലധികം ഡയറക്ടർമാർ കൂട്ടാളികളായി ചേർന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി കോടികളുടെ നിക്ഷേപം സ്വീകരിച്ച് സൂപ്പർ മാർക്കറ്റുകൾ സ്ഥാപിച്ചു. കര്‍ഷകരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങി മിതമായ നിരക്കിൽ വിൽപ്പന നടത്തുമെന്നായിരുന്നു വാഗ്ദാനം. 10 മാസം നിക്ഷേപകർക്ക് കൃത്യമായി ലാഭ വിഹിതം ലഭിച്ചു. എന്നാൽ സ്ഥാപനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടത്തോടെ നിക്ഷേപകർക്ക് പണം ലഭിക്കാതെയായി. പിന്നീട് പുറത്തുവന്നത് കോടികളുടെ തട്ടിപ്പിന്റെ കഥകൾ മാത്രം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 14 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഡയറക്ടർമാർ ഉൾപ്പടെ 29 പേരുടെ പ്രതി പട്ടിക. കേസിൽ വിനോദ് കുമാർ ജയിൽ വാസവും അനുഭവിച്ചു.
ഒരിടവേളയ്ക്ക് ശേഷം 2020ൽ വിനോദ് കുമാർ കൂടുതൽ ശക്തനായി വീണ്ടും രംഗത്തെത്തി. തന്റെ തട്ടിപ്പുകളെ കുറിച്ച് നല്ല ബോധ്യമുള്ള ജനങ്ങളെ ഇരട്ടി പലിശ വാഗ്ദാനം ചെയ്തും, ഉന്നതരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് വീണ്ടും കബളിപ്പിച്ചത്
ഗ്രാമീണ സൂപ്പർ മാർക്കറ്റിലൂടെ നടത്തിയ തട്ടിപ്പിനേക്കാൾ വ്യാപ്തി കൂടിയതാണ് ഇപ്പോഴത്തേത്. ജി.ബി.ജി നിധിയുടെ മറവിൽ വിവിധ ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പേരാണ് തട്ടിപ്പിനിരയായത്. 400 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.