നാലാം ശനിയാഴ്ച അവധി; എതിർപ്പുമായി സംഘടനകൾ

തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിലും നാലാം ശനിയാഴ്ച വ്യവസ്ഥകളോടെ അവധി നൽകുന്നതിലും സർവീസ് സംഘടനകള്‍ എതിർപ്പ് അറിയിച്ചതോടെ ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു.

ഭരണ–പ്രതിപക്ഷ സംഘടനകൾ സർക്കാർ നിർദേശത്തെ എതിർത്തു. ജോലി വേണോ ആശ്രിത ധനം വേണോ എന്നു തീരുമാനിക്കാനുള്ള അവകാശം ആശ്രിതനു നൽകണമെന്ന് സംഘടനകൾ നിലപാടെടുത്തു. നാലാം ശനിയാഴ്ച അവധി നൽകുമ്പോൾ ദിവസം 15 മിനിട്ട് കൂടുതൽ ജോലി ചെയ്യണമെന്നു സർക്കാർ അറിയിച്ചു. അഞ്ച് കാഷ്വൽ ലീവും കുറയ്ക്കും. ഈ നിർദേശങ്ങളും സംഘടനകൾ തള്ളി. സംഘടനകളുമായി ചർച്ച തുടരും.

ഹൈക്കോടതി വിധിയെ തുടർന്ന് ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ യോഗ്യതയുള്ള ഒരാൾക്ക് ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താൽ ജോലി നൽകുന്നതിനും നിശ്ചിത സമയത്തിനകം ജോലി ലഭിക്കാത്തവർക്കു പത്തു ലക്ഷംരൂപ നൽകാനുമാണ് സർക്കാർ ആലോചന.

Advertisement