നയനയുടെ മരണം: ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷണം

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നയനയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണു ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശിച്ചത്.

2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറ ജംക്‌ഷനിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യയായി കണക്കാക്കി കേസ് പൊലീസ് അവസാനിപ്പിച്ചു. നയനയുടെ സുഹൃത്തുക്കളുടെ ഇടപെടലിൽ ഇതു വാർത്ത ആയതോടെ കേസ് പുനരന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ നയനയുടെ ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പഴയ കേസ് ഫയലുകൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തി. തുടർന്ന്, കൊലപാതക സാധ്യതയുണ്ടെന്ന് എഡിജിപി എം.ആർ.അജിത് കുമാറിന് റിപ്പോർട്ട് നൽകി. ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

Advertisement