പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല , വിശദമായ കത്തെഴുതിവച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ജയപാലന്‍ ആത്മഹത്യ ചെയ്തു.

Advertisement

പാലക്കാട്.പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി ജയപാലന്‍ ആത്മഹത്യ ചെയ്തു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകള്‍ക്ക് കുറിപ്പ് എഴുതി അയച്ച ശേഷമാണ് ആത്മഹത്യ. ആറാം തീയതിയാണ് ഇദ്ദേഹം ഈ കുറിപ്പ് സുഹൃത്തുകള്‍ക്ക് അയച്ചത്. പിന്നീട് ഏഴാം തീയതി ഇദ്ദേഹത്തെ സ്വന്തം വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നല്‍കാത്തതുമായ ജീവിതം ആത്മഹത്യാ പരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളുവാനായി ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു എന്നാണ് കുറിപ്പില്‍ ജയപാലന്‍ പറയുന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് കെ.വി ജയപാലന്‍.

ജയപാലന്‍ സുഹൃത്തുകള്‍ക്ക് അയച്ച കുറിപ്പ്

അമ്മേ ശരണം..
അവസാനത്തെ ആഗ്രവും അപേക്ഷയുമാണിത്.
അതെ
സര്‍ക്കാരിനോടും സമൂഹത്തോടും
പ്രത്യേകമായി പത്ര ദൃശ്വ മാധ്യമങ്ങളോടുമുള്ള അപേക്ഷ

സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നല്‍കാത്തതുമായ ജീവിതം ആത്മഹത്യാ പരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉള്‍കൊള്ളുവാനായി ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു.

ആത്മഹത്യാ പാപമാണ്, നിയമവിരുദ്ധമാണ്, ഒരിക്കലും ന്യായീകരിക്കാവുന്നതുമല്ല.
ജീവിതത്തില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടുകയല്ലാതെ ഒന്നും നേടുവാന്‍ കഴിഞ്ഞില്ലെങ്കിലും ആരോടും കട ബാധ്യതയില്ല.

പിന്നെ ആരോഗ്യം വല്ലപ്പോഴും വരുന്ന പനി ജലദോഷം ഒഴികെ sugar, pressure, തുടങ്ങി ഒരു അസുഖവും ഇന്നേവരെ ഉണ്ടായിട്ടില്ല. കൂടാതെ ഹോസ്പിറ്റലില്‍ Admit ആയി ചികിത്സിക്കേണ്ട സാഹചര്യവും ഇന്നേ വരെ ഉണ്ടായിട്ടില്ല. പിന്നെ കുടുംബ പ്രശ്നങ്ങള്‍ വല്ലതുംഇല്ലേ ഇല്ല. ഇത്രയേറെ സനേഹ മതിയായ ഭാര്യയും മക്കളോടൊപ്പം സന്തോഷവും സമാധാനപരമായ കുടുംബാന്തരീക്ഷമാണ് എന്റേത്. അപ്പോള്‍ പിന്നെ? സാമ്പത്തികം, ആരോഗ്യം, കുടുംബ പ്രശ്നങ്ങള്‍ തുടങ്ങി സാധാരണ നാം കണ്ടു വരുന്ന കാരണങ്ങള്‍ക്കായല്ല ഇത്. നിങ്ങള്‍ക്കിത് ആത്മഹത്യയാവാം എനിക്കിത് അപേക്ഷയാണ്. പരിഹാരമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടും അവസാന ആഗ്രഹത്തിലേക്കും ആലോചനകളിലേക്കും അപേക്ഷയിലേക്കും കടക്കുന്നു..

മാതാ പിതാ ഗുരു ദൈവം എന്ന മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ സന്ദേശങ്ങളില്‍ ഒന്നു കൂടെ അത്യാവശ്യം ചേര്‍ത്തു വെക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്ന് പോകുന്നത്. ജീവന്‍ നിലനിന്നാല്‍ മാത്രമേ ജീവിതമുള്ളു എങ്കില്‍ ജനിച്ചു വീഴുന്ന കുഞ്ഞിന്റെ തുടര്‍ന്നുള്ള ജീവിതത്തിന് ശുദ്ധ വായു, ജലം, ഭക്ഷണം എന്നീ മൂന്ന് കാര്യങ്ങളാണല്ലോ അത്യന്താപേക്ഷികമായി വേണ്ടി വരുന്നത് . നമുക്കിന്ന് നിലവാരമുള്ള വായു ശുദ്ധമായി യഥേഷ്ടം ജലം അത് വഴി കൃഷി ഭക്ഷണം എന്നീ ഈ മൂന്നു കാര്യങ്ങളും നിറവേറ്റി വരുന്നതും ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ 6% മാത്രം വരുന്നതും പ്രത്യക്ഷമായും പരോക്ഷമായും കോടികണക്കിന് മനുഷ്യരുടേയും മറ്റ് സസ്യ ജന്തുജാലങ്ങളുടേയും നിലനില്പിന് തന്നെ അത്യന്താപേക്ഷിതമായിരിക്കുന്നതും കന്യാകുമാരി ജില്ലയിലെ സ്വാമി തോപ്പു മുതല്‍ ഗുജറാത്തിലെ താപ്തി നദി വരെ ഏകദേശം 1600 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന (western ghats )പശ്ച്ചിമഘട്ട മലനിരകള്‍ തന്നെ എന്നുള്ളതില്‍ തര്‍ക്കമില്ലാത്തതാണല്ലോ.

ലോക പൈതൃക പട്ടികയില്‍ എട്ടാം സ്ഥാനം അലങ്കരിച്ച് വരുന്നതും നമ്മുടെ കാലാവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തി വരുന്ന പശ്ച്ചിമഘട്ട മലനിരകള്‍ നമ്മുടെ പോറ്റമ്മയുടെ സ്ഥാനം നല്‍കി നാം അലങ്കരിക്കേണ്ടതും അംഗീകരിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതുമാണ്.
മാതാവിനും പിതാവിനും ശേഷം നമ്മുടെ അന്ത്യം വരെ ഓരോ ശ്വാസത്തിലും നിറഞ്ഞു നില്‍ക്കുന്ന പശ്ച്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മയുടെ സ്ഥാനം പാറക്കുട്ടങ്ങളും വനങ്ങളും വെളളച്ചാട്ടങ്ങളും നിറഞ്ഞ മലനിരകളില്‍ ooty, Valpara, Kodaikanal എന്നീ സുഖവാസ കേന്ദ്രങ്ങളും എന്നതില്‍ കവിഞ്ഞ മറ്റെന്ത് കാഴ്ച്ചപ്പാടുകളാണ് നമുക്കിടയില്‍ ഈ മലനിരകള്‍ക്ക് ഉള്ളത്.

മാതാവിനും പിതാവിനും ശേഷം മൂന്നാമതായി നാം കടപെട്ടിരിക്കേണ്ട മറ്റൊന്നിനെ കുറിച്ച് ഞാന്‍ പലരോടും ചോദിക്കുകയുണ്ടായി . മറുപടിയായ് സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, ദൈവം എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നതല്ലാതെ മുകളില്‍ സൂചിപ്പിച്ച നമ്മുടെ പോറ്റമ്മയുടെ സ്വാധീനം ചൂണ്ടി കാണിച്ച വരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണമെന്തെന്നാല്‍ അങ്ങിനെയൊരു ചിന്ത സമൂഹത്തില്‍ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്തുവാനോ അംഗീകരിക്കപെടുവാനോ നമുക്കാര്‍ക്കും സാധ്യമായിട്ടില്ല എന്നുള്ളത് തന്നെയാവണം.
പശ്ച്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മയ്ക്ക് ലോകത്ത് തന്നെ ഏറ്റവും പ്രധാനപെട്ട എട്ട് hottest bio diversity hot spot കളില്‍ ഒന്നായും ലോക പൈതൃക പദവി തന്നെ അംഗീകൃതമായി അലങ്കരിച്ചു വരുന്നതും നമ്മുടെ കണ്‍മുന്‍പിലും കൈയകലത്തും ഉണ്ടായിട്ടും അതിന്റെ മഹത്തരം ബോധ്യപെടുത്തുവാനുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായങ്ങളും നമുക്കില്ലാതെ പോയി.

എത്ര ഉന്നത വിദ്യാസ നിലവാരം നമുക്കുണ്ടെങ്കിലും പോറ്റമ്മയെ തിരിച്ചറിയാത്ത വിദ്യാഭ്യാസം കൊണ്ടെന്ത് നേട്ടമാണുണ്ടാവുക. പെറ്റമ്മയെ പോലെ തന്നെ പോറ്റമ്മയേയും (western ghats) തിരിച്ചറിയുന്നതിലും സംരക്ഷിക്കുന്നതിലും അങ്ങിനെയൊരു സംസ്‌കാരം വളര്‍ത്തുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മതിയായ സ്ഥാനമുണ്ടാകേണ്ടത് അത്യാവശ്യമായി തന്നെ തീര്‍ന്നിരിക്കുന്നു. ഉദാഹരണമായി നമ്മുടെ പെറ്റമ്മയെ പൊതുജന മധ്യത്തില്‍ വെച്ച് സ്വന്തം മകനാണെങ്കില്‍ പോലും ശകാരിക്കുകയോ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുകയോ ചെയ്താല്‍ സമൂഹം പ്രതികരിക്കും. അതാണ്പൂര്‍വികര്‍ നമുക്ക് കൈമാറിയ സംസ്‌കാരം.

അത്തരമൊരു സംസ്‌കാരം വരുന്ന തലമുറകള്‍ക്കെങ്കിലും കൈമാറാന്‍ നമുക്ക് കഴിയണം .L.k.G മുതല്‍ തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോറ്റമ്മയെ തിരിച്ചറിയാനും സംരക്ഷിക്കുവാനും വേണ്ട വിദ്യാഭ്യാസമാണ് നമുക്ക് അത്യാവശ്യം. ഭാരതമെന്ന വാക്ക് കേട്ടാല്‍ നമുക്കഭിമാനം ഉളവാക്കുന്നത് പോലെ പശ്ച്ചിമഘട്ട മലനിരകളെ കുറിച്ചും അവയുടെ സംരക്ഷണത്തെ കുറിച്ചും പശ്ച്ചിമഘട്ടം നമ്മേ എങ്ങിനെ സ്വാധീനിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചെറിയ ക്ലാസു മുതല്‍ ഉന്നത ക്ലാസുവരെ യുളള പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം കൊണ്ടുവരുവാനായി നല്ലൊരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുവാന്‍ മുന്നോട്ട് വരണമെന്നാണ് എന്റെ ആഗ്രവും അപേക്ഷയും. നിലവില്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ മറ്റോ എത്രയോ അധ്യായങ്ങള്‍ക്ക് നടുവില്‍ പേരിന് മാത്രമാണ് പശ്ചിമഘട്ടത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ അവസരമുള്ളത്.

തുടര്‍ അധ്യയന വര്‍ഷളില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും, പശ്ചിമഘട്ടത്തിലേക്ക് കുട്ടികളെ അധ്യാപകര്‍ കൊണ്ടുപോവുകയും നേരില്‍ പറഞ്ഞു മനസിലാക്കുകയും തുടങ്ങിയ കാര്യങ്ങളില്‍ നമുക്ക് മഹാനായ നമ്മുടെ സഞ്ചാരി santhosh joerge kulangara യേ പോലുള്ളവരുടെ വിലയേറിയ ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലും ഞാനീ അപേക്ഷ സമര്‍പ്പിച്ചീടുന്നു.

മേല്‍ പറഞ്ഞ അപേക്ഷയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എന്റേത് മാത്രമായ അഭിപ്രായങ്ങളാണ്. പത്ര ദ്യശ്യ മാധ്യമ സുഹൃത്തുക്കള്‍ വേണ്ട വിധത്തിലും നല്ല രീതിയിലും സമൂഹത്തിനും സര്‍ക്കാരിനും മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
അത് പോലെ തന്നെ സര്‍ക്കാരുകളിലും ഞാന്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്നു.

കാരണം ഇതാര്‍ക്കും എതിരെയുള്ള കുറ്റപ്പെടുത്തലുകളോ പരാതികളോ അല്ല.
കുറ്റം ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ് കുറ്റപ്പെടുത്തലുകള്‍. കുറവുകള്‍ നികത്തലാണ് മികച്ചത്.
നിങ്ങള്‍ക്ക് കരുതാം മേല്‍ പറഞ്ഞ എന്റെ അപേക്ഷ സമൂഹത്തിനും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരുവാനായി സത്യാഗ്രഹം തുടങ്ങി, എത്ര എത്ര വഴികള്‍ തേടേണ്ടിയിരുന്നു. സന്തുഷ്ടമായ കുടുംബാന്തരീക്ഷത്തില്‍ നിന്ന് സ്വന്തം കുടുംബത്തെ പ്രയാസത്തിലേക്ക് തള്ളി വിട്ടു കൊണ്ട് ഈ കടുംകൈ തന്നെ വേണ്ടിയിരുന്നോ?.

ആവശ്യം അത്യാവശ്യം എന്നിവയ്ക്ക മീതെ അത്യാസന്ന നിലയില്‍ നമുക്ക് പല വഴികളിലൂടേയും നീങ്ങേണ്ടി വന്നേക്കാം. ലോക വ്യാപകമായി ആഗോളതാപനം തുടങ്ങിയ വഴിയില്‍ കാലാവസ്ഥ വ്യതിയാനമെന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നിലൂടെ കടന്നു പോകുന്ന വളര്‍ച്ച അതിവേഗമാണ്.
അതിന്റെ ഭാഗമായി നമ്മുടെ പശ്ച്ചിമഘട്ടത്തിലും അത് വഴി നമ്മുടെ കാലാവസ്ഥയിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ മാറ്റത്തിന്റെ വളര്‍ച്ചയുടെ തോത് അതിഭയങ്കരമാണ്.

ജൂണില്‍ ആരംഭിക്കുന്ന മഴയുടെ ദൈര്‍ഘ്യവും, അതിതീവ്ര മഴയും, പ്രളയ സാഹചര്യവും നമ്മോട് പറയുന്നത് നമ്മുടെ പോറ്റമ്മയായ പശ്ച്ചിമഘട്ട മലനിരകളില്‍ മതിയായ മഞ്ഞുകാലമോ വേനല്‍ക്കാലമോ ഇല്ലാതെ സ്വാഭാവികത നഷ്ടപെട്ടു കൊണ്ട് അത്യാസന്ന നിലയിലേക്ക് നീങ്ങുന്നുവെന്ന് തന്നെയാണ്.

പോറ്റമ്മയെ ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലിരുത്തി കൊണ്ട്സാധാരണ നടപടികളിലേക്ക് നമുക്ക് അധിക കാലം കടക്കുവാന്‍ ഇനി കഴിയുകയില്ല. അത് കൊണ്ട് കാര്യത്തിന്റെ അതി ഗൗരവം ശ്രദ്ധയില്‍ കൊണ്ടുവരുവാനായി പല വഴികളും ഞാന്‍ ആലോചിച്ചിരുന്നു. നൂറു പേര്‍ നന്നാവുമെങ്കില്‍ ഒരാള്‍ ഇല്ലാതാവുന്നതില്‍ തെറ്റൊന്നുമില്ല എന്ന ഗീതയിലെ വചനം ഉള്‍കൊണ്ടും. ലക്ഷ്യം സംസുദ്ധമാണെങ്കില്‍ സ്വീകരിക്കുന്ന മാര്‍ഗം തെറ്റുന്നതില്‍ പിശകില്ല എന്നത് കൊണ്ടും അതി തീവ്രവാദികള്‍ക്ക് പോലും അവരെ തൂക്കിലേറ്റുന്നതിന് മുന്‍പ് അവന്റെ അവസാന ആഗ്രഹമെന്തെന്ന് ചോദിക്കുന്ന മഹത്തായ മഹാമനസ്‌കതയുള്ള നമ്മുടെ നാട്ടില്‍ നമ്മുടെ പോറ്റമ്മയ്ക്കായി എന്റെ അവസാന ആഗ്രഹത്തിന് വില കല്‍പ്പിക്കാതിരിക്കില്ല എന്ന ഉറച്ച വിശ്വാസവും മാധ്യമ ശ്രദ്ധ മതിയായ രീതിയില്‍ ലഭിക്കുവാനും സര്‍ക്കാരുകള്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന ഉറച്ച വിശ്വാസത്തില്‍ എന്നേ ഈ വഴിക്ക്പ്രേരിപ്പിക്കുവാന്‍ കാരണമായി.

മാതാവിന്റെ മടിയില്‍(പശ്ച്ചിമഘട്ടത്തില്‍) പല സംസ്ഥാനങ്ങളിലായി കാലങ്ങളായി ജീവിച്ചു വരുന്ന നമ്മുടെ സഹോദരങ്ങളെ കൈയേറ്റങ്ങളുടെ പേരിലോ സംരക്ഷണം എന്ന പേരിലോ മാറ്റിനിര്‍ത്തപെടേണ്ടവരോ കുടി ഒഴിപ്പിക്കപ്പടേണ്ടവരോ ആണോ?

അമ്മയുടെ മടിയിലാണ് നിങ്ങളെന്ന സത്യം അവരെ ബോധ്യപെടുത്തുകയും, വികസന കാര്യങ്ങള്‍ എവിടെ എതു വരെ തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി കൊണ്ട് കാടിന്റെ കാവല്‍ കാടിന്റെ മക്കളെ തന്നെ ഏല്‍പ്പിക്കുക വഴി തന്നെയാവും ശരിയെന്ന് തോന്നുന്നു. ശരിയായ പഠനങ്ങളില്ലാതെ കാലങ്ങളായി അമ്മയുടെ മടിത്തട്ടില്‍ കുടിയിരുന്നവരെ
ഇറക്കി വിടുക വേദനാജനകമാണ്.

മാതാവിന്റെ മടിയില്‍…
1988ല്‍ തുടങ്ങിയ മാതാവിന്റെ മടിയിലേക്കുള്ള എന്റെ യാത്രകള്‍
35 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു .
ഒരു ബസ് യാത്രയിലൂടെ വാല്‍പ്പാറയിലേക്കും പിന്നീട്
Nelliyampathy, Munnar, ooty, Kodaikanal എന്നീ സ്ഥലങ്ങളില്‍ തുടങ്ങിയ യാത്രകള്‍
ആദ്യമൊക്കെ എല്ലാവരെയും പോലെ സ്ഥലങ്ങള്‍ ആസ്വദിച്ചു തിരികെ വന്നിരുന്ന ഞാന്‍ പിന്നീട് നിരവധി തവണ സന്ദര്‍ശിക്കുകയുണ്ടായി കൂടുതലും എന്റെ hero honda splendor old വാഹനത്തിലായിരുന്നു യാത്രകള്‍.

കൂട്ടുകാരെ പോലെ തന്നെ എന്റെ മനസിലും ചോദ്യമുണ്ടായി തുടങ്ങി എന്തിനാണ് ഒരേ സ്ഥലങ്ങള്‍ തന്നെ ഇത്രയും തവണ പോകുന്നതെന്ന്. ഉദാഹരണത്തിന് വാല്‍പ്പാറ എന്ന സ്ഥലം തന്നെ ഏകദേശം 500ല്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ച് കാണും.( നിസാര പൈസയുടെ ചിലവില്‍ തന്നെയാണ് ഒരോ യാത്രയും) മഴകാലം. മഞ്ഞുകാലം, വേനല്‍ കാലം തുടങ്ങി ഓരോ യാത്രയും ആഘോഷിക്കുകയായിരുന്നില്ല. ഓരോ സ്ഥലത്തിന്റെ ചലനവും സ്പന്ദനവും ഞാനറിയാതെ തന്നെ
നിരീക്ഷിച്ച് വരുകയായിരുന്നു.

ഉദാഹരണത്തിന് തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തുന്നത് വാല്‍പ്പാറയിലെ chinnakallar എന്ന ഭാഗത്ത് തന്നെയാവണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ അതെ കുറിച്ച് ഒരറിവും എങ്ങും വായിക്കാതെ തന്നെ ഞാന്‍ ഊഹിച്ചിരുന്നു. പിന്നീടത് ഗൂഗിളില്‍ ശരിയാണെന്ന്കണ്ടത് പോലെ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിച്ചു വരികയും നാം ശ്വസിക്കുന്ന ഓരോ വായുവും മാതാവിനും പിതാവിനും ശേഷം നാം കടപ്പെട്ടിരിക്കുന്നത് പശ്ചിമഘട്ടം എന്ന നമ്മുടെ പോറ്റമ്മ തന്നെയാണെന്ന് മനസില്‍ ഉറപ്പിക്കുകയും ചെയ്തു.

പിന്നീടവിടെ ഇപ്പോഴെല്ലാം യാത്രയാവുമ്പോള്‍ അവിടെ കണ്ടു വരുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ കാഴ്ച്ചകള്‍ മനസിനെ വല്ലാതെ തളര്‍ത്തിടുന്നു. അവിടെ താമസിക്കുന്നവരെ കാണുമ്പോള്‍ അവരോട് എന്തെന്നില്ലാത്ത സനേഹമാണ് തോന്നുക. അവിടത്തുകാര്‍ അവിടുത്തെ ചില വിഷമകതകള്‍ അറിയിക്കുമ്പോള്‍ മാതാവിന്റെ മടിയില്‍ ജീവിക്കുന്ന നിങ്ങള്‍ഭാഗ്യമുള്ളവരാണെന്നും അവിടുത്തെ സവിശേഷതകള്‍ പറഞ്ഞ് മനസിലാക്കുമ്പോള്‍ അവര്‍ക്കത് ബോധ്യപെടുന്നതും കാണാനാവുന്നു. വിനോദ സഞ്ചാര മേഖലയില്‍ ടൂറിസ്റ്റുകള്‍ അലക്ഷ്യമായി plastic തുടങ്ങിയ അവശിഷ്ടങ്ങള്‍ നീര്‍ച്ചാലുകളില്‍ വലിച്ചെറിയുമ്പോള്‍
പാവം അവരറിയുന്നില്ല തിരികെ നാം വീടെത്തുമ്പോള്‍ നീര്‍ച്ചാലുകള്‍ വഴി ഡാമിലേക്കും അവിടെ നിന്ന് പൈപ്പ് വഴി നമ്മുടെ വീട്ടിലേക്ക് കുടിവെള്ളമായി എത്തുന്നതെന്ന് .

അവരെ എങ്ങിനെയാണ് കുറ്റം പറയാനാവുക അത്തരമൊരു സംസ്‌കാരം നല്‍കുവാന്‍ നമുക്ക് കഴിയാത്ത സ്ഥിതി തന്നെയല്ലെ അതിന് കാരണമായി വരുന്നത്. ഇത്തരം പ്രവണതകള്‍ക്ക് എതിരെ നിയമപരമായി കേസെടുക്കുന്നത് കൊണ്ടോ പ്രസ്താവനകള്‍, സമരങ്ങള്‍ എന്നിവ മൂലം ഒരു മാറ്റവും ഉണ്ടാവാനിടയില്ല. ഞാനുള്‍പ്പടെയുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ ശ്രദ്ധിക്കൂ

രണ്ട് പേരും ഒരു മകനോ മകളോ അടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കുവാന്‍ രണ്ടായിരം സ്‌ക്വയര്‍ ഫിറ്റില്‍ തുടങ്ങുന്ന എത്ര എത്ര congreat മാളികകളാണ് പ്രകൃതിയോട് ഇണങ്ങാതെ ഭാരിച്ച ചെലവും വഹിച്ച് നാം നിര്‍മിച്ച് വരുന്നത് . അതില്‍ തന്നെ എത്രയോ വീടുകളില്‍ ആള്‍ താമസം പോലുമില്ലാതെ കിടക്കുന്നു. ഫലത്തില്‍ കോടികള്‍ മുടക്കി മഴവെള്ളം ഒലിച്ചു പോകാതെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി ദിവസങ്ങളോളം ആധിയോടെ ക്യാബുകളില്‍ തുടരേണ്ട അവസ്ഥ.

സ്വന്തമായി വലിയ വീടുകള്‍ ഉള്ളവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഏവരേയും ഇത്തരത്തില്‍ പ്രേരിപ്പിക്കുന്നത്. എന്റേതും ചെറിയ വീടാണെങ്കിലും ഞാനും ചെയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വീട്ടില്‍ ചെയുവാന്‍ നിര്‍ബന്ധിതനായിട്ടുണ്ട് .അതിനാല്‍ ആരേയും കുറ്റപെടുത്തുകയല്ല കുറവുകള്‍ ചൂണ്ടി കാണിക്കുക മാത്രമാണിവിടെ നാം തന്നെ നമ്മുടെ
വീടിന് ചുറ്റും തീ ഉണ്ടാക്കിയിട്ട് വീടിനകത്ത് കേറി എന്തൊരു ചൂടാണ് എന്നു പറയുന്ന രീതിയാണ് പ്രകൃതിയക്കെതിരായ വികസനത്തിന്റേയും പുരോഗതിയുടേയും പേരില്‍ നാം വളരുകയല്ല തളരുക തന്നെ ചെയ്യുമെന്ന് വരും തലമുറയേയെങ്കിലും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നമുക്ക് ഘട്ടം ഘട്ടമായി പുതിയ സംസ്‌കാരത്തിലൂടെ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ കടമയാണ്.

കാടുണ്ടെങ്കില്‍.
വീടുണ്ട്.
നാടുണ്ട്.
നാമുണ്ട്
തലമുറയുണ്ട്..
ഈ വാചകം ഞാന്‍ തന്നെ എഴുതിയതാണ്.

ആദ്യമായി അമ്മയുടെ അടുത്ത് യാത്ര തുടങ്ങിയ അതെ വാല്‍പ്പാറയില്‍ എന്റെ അവസാന യാത്രയില്‍ (06-01-2023 ) ഞാനേറെ കൊതിച്ചിരുന്ന Akkamalai പുല്‍മേടിന് അഭിമുഖയായി മാതാവിന്റെ മടിയില്‍ അമര്‍ന്നിരുന്ന് തന്നെയാണ് ഫോണില്‍ എഴുതുന്നത്. ഇതു വരെ നേരില്‍ ആരും ദര്‍ശിച്ചിട്ടില്ലാത്ത ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് നാം നല്‍കി വരുന്ന പരിഗണനയുടെ ചെറിയൊരു അളവിലെങ്കിലും ശ്യാസമായി കണ്‍മുന്നില്‍ സത്യമായി നിറത്തിടുന്ന പോറ്റമ്മയ്ക്ക മതിയായ പരിഗണന നല്‍കേണ്ടതല്ലെ എന്ന് പലപ്പോഴും തോന്നാറുണ്ട്.

വിശ്വാസികളെ കുറച്ചു കാണുന്നതായി ദയവായി തോന്നരുത്. ഞാനുമൊരു വിശ്വാസി തന്നെയാണ്.( മാതാ പിതാ ഗുരു ദൈവം എന്ന രീതിയില്‍ തന്നെയാണ് പറഞ്ഞത്.) ഒന്‍പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള എന്റെ എഴുത്തില്‍ മനസില്‍ നിറയുന്ന കാര്യങ്ങള്‍ പകര്‍ത്തുന്നതില്‍
പരിമിതികള്‍ ഏറെയുണ്ടെന്നറിയാം എവിടെയെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക.

അമ്മയുടെ സംരക്ഷണത്തിലും സംഭാവനയിലും ലഭ്യമായ എന്റെ ശ്വാസം അമ്മയ്ക്കായി ഞാന്‍ സമര്‍പ്പിച്ചു കൊണ്ട് എന്റെ അപേക്ഷ ഇവിടെ അവസാനിപ്പിക്കുന്നു..

അമ്മേ ശരണം…

വ്യക്തിപരമായ എന്റെ ഒന്ന് രണ്ട് ആഗ്രഹങ്ങള്‍ കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കട്ടെ.
1, എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വാല്‍പ്പാറയിലെ Akkamalai മുതല്‍ മൂന്നാറിലെ eravikulam national park വരെയുള്ള ലോകത്തില്‍ പകരം വയ്ക്കാനില്ലാത്ത അമ്മയുടെ മാഹാത്മ്യം നിറഞ്ഞ ആ മണ്ണില്‍ ഒന്നു ചവുട്ടി നിന്ന് കൈകൂപ്പിടണം എന്നുള്ളത്.

അവിടെ ചെല്ലുന്നതിന് ഒരുപാട് നിയന്ത്രണം ഉണ്ടായതിനാല്‍ ചെല്ലുവാന്‍ കഴിഞ്ഞില്ലേലും ആരും കടക്കാതെ പവിത്രമായി അതവിടെ കിടക്കുന്ന സന്തോഷമായിരുന്നു ഞാന്‍ വാല്‍പ്പാറ വരുമ്പോഴെല്ലാം മണിക്കൂറുകള്‍ കണ്ണും മനസും ഉടക്കി നില്‍ക്കുന്നത് പതിവാണ്. അതിനാല്‍ എന്റെ മരണശേഷം എന്റെ മൃതദേഹം കൊഴിഞ്ഞാബാറ വീട്ടില്‍ കൊണ്ടുപോയി അവിടെ നിന്ന് (വിഷം പുരണ്ട ശരീരത്തിന്റെഒരു ഭാഗവും ആര്‍ക്കും ദാനം ചെയാന്‍ ആകുമെന്ന് കരുതുന്നില്ല)
ഏതെങ്കിലും electric ശ്മശാനത്തില്‍ കത്തിച്ച ശേഷം ഒരു പിടി ചാരമെങ്കിലും മേല്‍ പറഞ്ഞ Akkamalai മുതല്‍ ഇരവികുളം വരെയുള്ള പുല്‍മേടില്‍ മകന്റെ കൈ കൊണ്ട് വിതറിടണമെന്ന് ആഗ്രഹിക്കുന്നു. (സര്‍ക്കാര്‍ അനുമതിക്കുകയാണെങ്കില്‍ മാത്രം) വേറൊന്നും കൊണ്ടല്ല മാതാവിന്റെ അത്രയും ഭാഗം എത്രത്തോളം പവിത്രമാണെന്ന് ഏവര്‍ക്കും അറിയാനിട വരുമെന്ന് ആശിക്കുന്നു.

2, എന്റെ ഭാര്യയും മകനും നിലവിലുള്ള വീട്ടില്‍ ഇനി താമസിക്കാതെ vannamada യിലുള്ള ഭാര്യയുടെ വീട്ടില്‍ താമസിക്കണമെന്നും നിലവിലുള്ള വീട് വിറ്റ് കിട്ടുന്ന പൈസയില്‍ വണ്ണാമടയില്‍ തന്നെ ചെറിയൊരു സ്ഥലം വാങ്ങി പിന്നീട് കൊച്ചു വീട് ഉണ്ടാക്കാവുന്നതുമാണ്. എന്റെ വിയോഗം പ്രത്യേകിച്ച് ഞാനേറെ സ്നേഹിക്കുന്ന എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണെന്നറിയാം പ്രത്യേകിച്ച് തീരെ നിഷ്‌കളങ്കരായ ഭാര്യയോടും മകനോടും മകളോടും മരുമകനോടും സഹോദരിമാരോടും മറ്റു മക്കളോടും കണ്ണീരോടെ ഞാനിത് എഴുതുമ്പോഴും എന്തു പറയണമെന്നറിയില്ല തനിച്ചാക്കി യാത്രയാവുന്നതില്‍ വെറുക്കരുത് പൊറുക്കുക പൊറുക്കുക..

3, എന്റെ ഷാപ്പിലെ ജോലി എന്റെ മകന്‍ ജയേഷിന് നൂറ് ശതമാനം യോജിക്കില്ല എന്ന് എനിക്കറിയാം. ആ ജോലിയില്‍ നില്‍ക്കരുത്. അതിനാല്‍ നിനക്ക് മാന്യമായ എന്തെങ്കിലും ജോലി തന്ന് സഹായിക്കുവാന്‍ സന്മസുള്ള ആരുടെയെങ്കിലും ഒരു കൈ ദൈവനിയോഗമായി കടന്ന് വരുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ മകള്‍ ഞാന്‍ തന്നെയാണ്. മകന്റേയും ഭാര്യയുടേയും കാര്യങ്ങളില്‍ മകളും മരുമകന്റേയും പിന്തുണയോടൊപ്പം മറ്റ് കുടുബാംഗങ്ങളുടെ പിന്തുണയും ഉണ്ടാകുമെന്ന് ആശിക്കുന്നു സമാധാനിക്കുന്നു.

എന്റെ സഹോദരി സുമതി ചേച്ചിയെ പ്രായമാകുമ്പോള്‍ ഇവിടെ കൊണ്ട് വന്ന് ശ്രദ്ധിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കത് എന്നെ ശുശ്രൂഷിച്ചതിന് തുല്യമായി സമാധാനിക്കാം.

4 , മാതാവിന്റെ മനോഹരമായ ചിത്രങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിരവധിയാണ്.
Kannimari ദിനേശേട്ടന്‍, alambady ranjith,karimannu pradeep തുടങ്ങിയവരുടെ നേതൃത്തില്‍
Love the nature. Save the nature. That is the future..

എന്ന സന്ദേശം മുന്‍ നിര്‍ത്തി കഴിയുമെങ്കില്‍ ചിത്രപ്രദര്‍ശനം മുന്‍കൈയെടുത്ത് ചെയാവുന്നതാണ്..പറയുവാന്‍ കൊതിച്ച പല കാര്യങ്ങളും ഒറ്റ ഇരിപ്പില്‍ എഴുതിയതിനാല്‍ വേണ്ട രീതിയില്‍ പറയുവാന്‍ കഴിഞ്ഞില്ല എന്ന വിഷമം എങ്കിലും
സ്നേഹത്തോടെ

Advertisement