തിരുവനന്തപുരം. കോണ്‍ഗ്രസിലെ ചേരിപ്പോര് മുതലെടുത്തെങ്കിലും പ്രതിയെ പിടിക്കാന്‍ ശ്രമം, മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ പുതിയ നീക്കവുമായി അന്വേഷണ സംഘം.
അച്ചടക്ക നടപടിക്ക് വിധേയനായ യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂറിനോട് മൊഴി നല്കാന് ഹാജരാകണമെന്ന് കാട്ടി പൊലീസ് നോട്ടീസ് നല്കി.
സംഭവത്തിന്റെ ആസൂത്രണ വിവരം എൻ എസ് നുസൂറില് നിന്നും ലഭിക്കുമോയെന്നറിയാനാണ് പോലീസ് ശ്രമം. യൂത്ത് കോണ്‍ഗ്രസ്സിനുളളിലെ അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുത്ത് കേസില്‍ വഴിത്തിരിവുണ്ടാക്കാനാണ് പൊലീസ് നീക്കം.
സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവന്നതിന് പിന്നാലെ കെ എസ് ശബരീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിലെ ഭിന്നതക്ക് പിന്നാലെയാണ് ചാറ്റ് വിവരം പുറത്തുവന്നതും നുസൂറിനെതിരെ നടപടി സ്വീകരിച്ചതും. ഈ മാസം 11 ന് മൊഴി നല്കാനെത്തണമെന്നാണ് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശം.