സ്കൂൾ മേളകളിൽ മാംസം വിളമ്പാനുള്ള തീരുമാനം ബാഹ്യശക്തികളെ പ്രീണിപ്പിക്കാൻ – എൻ ടി യു

Advertisement

കോഴിക്കോട് : സ്കൂൾ മേളകളിൽ വിദ്യാർത്ഥികൾക്ക് മാംസാഹാരം വിളമ്പാനുള്ള തീരുമാനം ബാഹ്യശക്തികളെ പ്രീണിപ്പിക്കാനാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് എൻ ടി യു സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു.
എൻ ടി യു കോഴിക്കോട് ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ ഔദ്യോഗിക ഭക്ഷണമെന്ന നിലയിലും എല്ലാവർക്കും സ്വീകാര്യമായതിനാലുമാണ് മേളകളിൽ കുട്ടികൾക്ക് ഇലയിട്ട് സദ്യ കൊടുക്കാറുള്ളത്.
ആറര പതിറ്റാണ്ടായി ഇത് ഏതെങ്കിലും പരാതിക്കോ പരിഭവത്തിനോ ഇടവരുത്താതെ സംസ്ഥാനത്ത് തുടർന്ന് വരികയാണ്.
എന്നാൽ മാംസാഹാരം നൽകുന്നതിന് ഏതെങ്കിലും വിലക്ക് എവിടെയെങ്കിലും ഏർപ്പെടുത്തിയിട്ടുമില്ല.
സംസ്ഥാന കായിക മേളയിലും ഉപജില്ലാമേളകളിലും മാംസാഹാരം നൽകാറുണ്ട്.
ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് മുട്ടയും നൽകി വരുന്നുണ്ട്.
എന്നാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആഹാരം വെച്ചു വിളമ്പേണ്ട സന്ദർഭങ്ങളിൽ ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ മാംസാഹാരം വിളമ്പേണ്ടി വന്നാൽ അത് സംഘാടകർക്ക് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
മേളകൾ കൂടുതലും നടക്കുക മണ്ഡല-മകരവിളക്ക് കാലത്താണ്.
അനുഷ്ഠാന പൂർവം അവതരിപ്പിക്കേണ്ട കലാരൂപങ്ങളും മേളയിലുണ്ടാവും.
മാംസം വിളമ്പുന്ന ഊട്ടുപുരയിൽ മുദ്രയണിഞ്ഞ കുട്ടികൾക്കും പരിഗണന നൽകേണ്ടതുണ്ട്.
ഇത്തരം സങ്കീർണ്ണതകൾ ഒഴിവാക്കാൻ നിലവിൽ തുടരുന്ന രീതിയാണ് ഉചിതം.
കൊട്ടിഘോഷിച്ച് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കരിക്കുലം പരിഷ്കരണത്തിൽ നിന്നും ജെൻ്റർ ന്യൂട്രാലിറ്റി യൂണിഫോമിൽ നിന്നും പിന്തിരിഞ്ഞ സർക്കാർ കലോത്സവ വേദികളിൽ കുട്ടികൾക്ക് മാംസാഹാരം കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ ആരെയാണ് പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.


പഴയിടം മോഹനൻ നമ്പൂതിരി കുറി തൊട്ട് ഭക്ഷണം ഒരുക്കുന്നത് കാണുമ്പോൾ മതേതരത്വം തകർന്നു എന്ന് വിലപിക്കുന്നവരുടെ മാനസിക നിലയാണ് തകർന്നതെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് കെ. ഷാജിമോൻ അധ്യക്ഷനായിരുന്നു.
എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സമിതിയംഗം സി ബൈജു, രേഷ്മ – കെ.എസ് ഫെറ്റോ ജില്ലാ പ്രസിഡൻറ് എം.സുനിൽ,സതീഷ് കുമാർ പി, ജെസി ദേവദാസ്, ധനൂപ് – പി – പി മുതലായവർ സംസാരിച്ചു.

Advertisement