തിരുവാതിര പുഴുക്ക് ഇങ്ങനെയാണ് തയാറാക്കേണ്ടത്

Advertisement

സ്ത്രീകൾ ഭക്തിയോടെ ആചരിക്കുന്ന തിരുവാതിര വ്രതം നാളെയാണ്. അന്ന് തിരുവാതിരപ്പുഴുക്കാണ് അവരുടെ പ്രധാന ഭക്ഷണം. ഇത് എങ്ങനെയാണ് തയാറാക്കേണ്ടതെന്ന് നോക്കാം.

സാധാരണയായി തിരുവാതിര ദിവസം വ്രതം എടുക്കുന്നവർ അന്നത്തെ ദിവസം ഉള്ളി, വെളുത്തുള്ളി, മസാലകൾ ഒന്നും തന്നെ ഉപയോഗിക്കാറില്ല. മസാലക്കൂട്ടുകൾ ചേർക്കാത്ത ഒരു പുഴുക്കാണിത്.

ചേരുവകൾ

വെള്ളപ്പയർ വെള്ളത്തിൽ ഇട്ടു കുതിർത്തത് – 1/4 കപ്പ്‌
ചേമ്പ് – 1 എണ്ണം
ചേന – 1/4 കപ്പ്‌
വാഴക്ക തോലോടെ മുറിച്ചത് – 1/4 കപ്പ്‌ (കാവിത്ത്, ചെറുകിഴങ്ങ് തുടങ്ങിയവയും ഉപയോഗിക്കാം)
തേങ്ങ – 1/4 കപ്പ്‌
പച്ചമുളക് – 3 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കറിവേപ്പില
തയാറാക്കുന്ന വിധം

വെള്ളപ്പയർ കുതിർത്തതും പച്ചക്കറികളും ഉപ്പും മഞ്ഞൾപ്പൊടിയും പച്ചമുളകു കീറിയതും ചേർത്തു പ്രഷർ കുക്കറിൽ ഇട്ടു വേവിക്കുക.

നന്നായി വെന്തു വന്ന ഈ കൂട്ടിലേക്കു തേങ്ങ ചിരകിയതും കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കുക. കുറച്ചു വെളിച്ചെണ്ണ മുകളിൽ തൂവി കൊടുത്താൽ പുഴുക്കു റെഡി.

വളരെ ഹെൽത്തിയായ ഒരു വിഭവം കൂടിയാണിത്.

Advertisement