രേഖകൾ ഹാജരാക്കണം: വേദിയിൽ മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് ഗവർണർ

Advertisement

തിരുവനന്തപുരം: താൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ചെറിയാൻറെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വേദിയിൽവച്ചായിരുന്നു ഓർമപ്പെടുത്തൽ. സജി ചെറിയാൻറെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടത്.

രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെയാണ് ഗവർണർ മുഖ്യമന്ത്രിയോട് വേദിയിൽവച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു മിനിറ്റിൽ താഴെയുള്ള ആശയവിനിമയമായിരുന്നു അത്. പക്ഷേ, അതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സത്യപ്രതിജ്ഞയ്ക്കുള്ള അനുവാദം കൊടുക്കുമ്പോൾത്തന്നെ സജി ചെറിയാന്റെ വിവാദ പരാമർശത്തെക്കുറിച്ചുള്ള രേഖകൾ രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ആ രേഖകൾ വേണമെന്നുള്ള കാര്യമാണ് ഓർമിപ്പിച്ചതെന്നാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരം. വേദിയിൽവച്ചുതന്നെ ഈ രേഖകൾ വേണമെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിച്ചതിനാൽ സംഭവവികാസങ്ങളെ ഗവർണർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് വ്യക്തമാകുന്നത്.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ കോടതി ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാൻ മന്ത്രിസഭയിൽ തിരികെയെത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50.12 മിനിറ്റ് നടത്തിയ പ്രസംഗത്തിൽ രണ്ടുമിനിറ്റോളമാണ് ഭരണഘടനയെക്കുറിച്ചു പരാമർശം ഉണ്ടായത്. ഇതു പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് എത്തുകയുമായിരുന്നു.

Advertisement