സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Advertisement

തിരുവനന്തപുരം.ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ചുനടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജിവെച്ച് 182 ദിവസത്തിനുശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്. ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു


സഗൗരവമായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സ്പീക്കര്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ സാക്ഷികളായി. ഇന്നലെ ഉച്ചവരെ ഇടഞ്ഞു നിന്നിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതല ഏറ്റെടുത്തു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. ഗവര്‍ണറും സര്‍ക്കാരും ഒന്നാണെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സജി ചെറിയാന്റെ പ്രതികരണം.

ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം കരിദിനമായി ആചരിച്ചു. പ്രതിപക്ഷം ഏതൊരു വിഷയത്തേയും നെഗറ്റീവായി കാണുന്നുവെന്ന് സജി ചെറിയാന്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇന്നലെ ഉച്ചയോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിനു മുന്‍പു വരെ അസാധാരണ സാഹചര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി നിയമോപദേശങ്ങള്‍ ലഭിച്ചതോടെയാണ് ഗവര്‍ണര്‍ നിലപാട് തിരുത്തിയത്.

Advertisement