കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

കോഴിക്കോട്. കൊയിലാണ്ടിയിൽ കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.
ഉള്ളൂർ സ്വദേശി സായൂജാണ് കൊയിലാണ്ടി പൊലീസിൻ്റെ പിടിയിലായത്. മാല പൊട്ടിച്ച് സായൂജ് ഓടുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഇന്നലെ വൈകീട്ടാണ് കൊയിലാണ്ടി ജയില്‍ റോഡിലെ മൊയ്തീം പള്ളിക്ക് സമീപമുള്ള നഫീസയുടെ വീട്ടിൽ കുടിവെള്ളം ചോദിച്ച് സായൂജ് എത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ നഫീസ അടുക്കളയിലേക്ക് പോയ സമയം സായൂജ് പിന്നാലെയെത്തി കഴുത്തിൽ കിടന്ന രണ്ട് പവൻ്റെ മാല പൊട്ടിച്ച് പുറത്തേക്ക് ഓടി.

സായൂജ് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സമീപത്തെ സി സി ടി വി യിൽ പതിയുകയും ചെയ്തു. നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ കൊയിലാണ്ടി പൊലീസിൽ വിവരമറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്.

Advertisement