പകരത്തിന് പകരം, മുസ്ലിം ലീഗ് വിളിച്ച മുസ്ലീം സംഘടനകളുടെ യോഗത്തിൽ മുജാഹിദ് വിഭാഗം പങ്കെടുത്തില്ല

Advertisement

കോഴിക്കോട് .മുസ്ലിം ലീഗ് വിളിച്ച മുസ്ലീം സംഘടനകളുടെ യോഗത്തിൽ നിന്ന് വിട്ടു നിന്ന് മുജാഹിദ് വിഭാഗം. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് തങ്ങൾമാർ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പാണക്കാട് സാദിഖലി തങ്ങൾ വിളിച്ച യോഗമാണ് കെ.എൻ.എം ബഹിഷ്കരിച്ചത്.

ജൻഡർ ന്യൂട്രാലിറ്റി, ഏക സിവിൽ കോഡ് ഉൾപ്പടെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. സംസ്ഥാന സമ്മേളനം സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് കോഴിക്കോട് ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ മുജാഹിദ് നേതൃത്വം തീരുമാനിച്ചത്.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മുനവറലി ശിഹാബ് തങ്ങളും റഷീദ് അലി ശിഹാബ് തങ്ങളും വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ ഇകെ സമസ്തയുടെ സമ്മർദ്ദത്തെ തുടർന്ന് ഇരുവരും സമ്മേളനത്തിൽ നിന്നും പിന്മാറി എന്നാണ് മുജാഹിദ് നേതാക്കളുടെ ആരോപണം. ഇതിനുള്ള മറുപടി എന്ന നിലക്കാണ് ലീഗ് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് പിന്മാറാനുള്ള കെഎൻഎം തീരുമാനം. പൗരോഹത്യ സംഘടനയായ സമസ്ത പറയുന്നത് കേട്ട് ലീഗ് പ്രവർത്തിക്കരുതെന്ന വിമർശനം മുജാഹിദ് സമ്മേളനത്തിൽ ഉയർന്നിരുന്നു. അതേസമയം യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ എൻ എം അറിയിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Advertisement