തിരുവനന്തപുരം . ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് വീണ്ടും മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സത്യപ്രതിജ്ഞ ബുധനാഴ്ച രാജ്ഭവനില്‍ നടക്കും. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സ്ഥിരീകരിച്ചു. അതിനിടെ സത്യപ്രതിജ്ഞക്ക് നിയമപരമായ തടസമുണ്ടോ എന്നറിയാന്‍ ഗവര്‍ണര്‍ നിയമോപദേശം തേടി.
ഇ.പി.ജയരാജന് വിഷയം ചര്‍ച്ച ചെയ്ത നിര്‍ണായക സെക്രട്ടേറിയറ്റിലായിരുന്നു സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം. നിയമസഭാ സമ്മേളനത്തിനു മുന്‍പ് സത്യപ്രതിജ്ഞ ചെയ്യണമെന്നും ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കണമെന്നും യോഗം മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നത്.
കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലായതിനാലാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജിയെ വീണ്ടും മന്ത്രിയാക്കുന്നതില്‍ തടസമുണ്ടോ എന്നറിയാന്‍ രാജ്ഭവന് സ്റ്റാന്‍ഡിംഗ് കൗണ്ലസിലിനോടാണ് നിയമോപദേശം തേടിയിരിക്കുന്നത്. തെറ്റു ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതുകൊണ്ടാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതെന്ന് സജി ചെറിയാന്റെ പ്രതികരണം.
ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് ആറിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചത്. അദ്ദേഹത്തിനെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എം.എല്‍.എ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തതോടെ സജി ചെറിയാന്റെ മടങ്ങി വരവ് സുഗമമാവുകയായിരുന്നു. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസും സാംസ്കാരികവും അടക്കമുള്ള വകുപ്പുകള്‍ തന്നെയായിരിക്കും അദ്ദേഹത്തിന് തുടര്‍ന്നും ലഭിക്കുക.