കോണ്‍ഗ്രസിലെ പടലപിണക്കവും ഐകരൂപ്യമില്ലായ്മയും യുഡിഎഫിലേക്കും, ഏകോപന സമിതി യോഗത്തിൽ കല്ലുകടി

Advertisement

കൊച്ചി .കോണ്‍ഗ്രസിലെ പടലപിണക്കവും ഐകരൂപ്യമില്ലായ്മയും യുഡിഎഫിലേക്കും, യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ കല്ലുകടി. കൊച്ചിയിൽ ചേർന്ന യോഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിട്ടുനിന്നു. മുന്നണി യോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിൽ അടക്കം ഏകോപനമില്ലെന്ന് രമേശ് ചെന്നിത്തല.
മുതിർന്ന നേതാക്കളെ തീയതി നേരത്തെ അറിയിച്ചിരുന്നുവെന്ന് എം എം ഹസന്റെ വിശദീകരണം.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ,മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവർ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ. കൺവീനറും ചെയർമാനുമൊഴികെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ മുരളീധരനും ബെന്നി ബഹനാനും മാത്രമായി യോഗത്തിൽ . മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭാവത്തിൽ ആണ് കൊച്ചിയിൽ ഏകോപനസമിതി യോഗം ചേർന്നത്.ഇത് മറ്റു കക്ഷികളിലും അവമതിപ്പിനിടയാക്കി. മുന്നണി യോഗത്തിൻ്റെ തീയതി തീരുമാനിക്കുന്നതിലടക്കം ഏകോപനമില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരാതി.തുടർച്ചയായി രണ്ടാമത്തെ യോഗത്തിൽ നിന്നാണ് രമേശ് ചെന്നിത്തല വിട്ടു നിൽകുന്നത്.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് യുഡിഎഫ് കൺവീനർ എം എം ഹസ്സന്റെ മറുപടി ഇങ്ങനെ

ആരോഗ്യപ്രശ്നങ്ങൾ കാരണം കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബംഗ്ലൂരിൽ ചികിത്സയിലായതിനാൽ ഉമ്മൻചാണ്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ കെ സുധാകരന്റെ വിശദീകരണം തൃപ്തികരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതായി എം എം ഹസ്സൻ പറഞ്ഞു. മുന്നണി പ്രശ്നങ്ങൾ പരിഹരിക്കാൻ ചേർന്ന യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടുനിന്നത് വീണ്ടും വിവാദങ്ങളിലേക്കുള്ള വഴി തുറക്കുകയാണ്. പ്രതിപക്ഷത്തെ അനാരോഗ്യം ആശ്വാസമേകുന്നത് ഉള്‍ച്ചൂടില്‍ വേവുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കുമാണ്.

Advertisement