പ്രളയദുരന്ത അഭിനയത്തില്‍ ഒരു കുടുംബം അനാഥം, ലജ്ജയില്ലാതെ അധികൃതര്‍

Advertisement

മല്ലപ്പള്ളി : പ്രളയദുരന്തങ്ങള്‍ നേരിടാനുള്ള പരിശീലനത്തിനിടെ അഭിനയിക്കാന്‍ രക്ഷാസേനകള്‍ ആറ്റിലേക്കിറക്കിയ യുവാവ് സേനാംഗങ്ങള്‍ നോക്കിനില്‍ക്കെ മുങ്ങിമരിച്ച ലജ്ജാകരമായ സംഭവത്തില്‍ വ്യക്തമായ ഉത്തരമില്ലാതെ അധികൃതര്‍.

കല്ലൂപ്പാറ പാലത്തിങ്കല്‍ കാക്കരകുന്നില്‍ ബിനു സോമന്‍ (34) ആണ് ഇന്നലെ മുങ്ങി മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജന്‍സികളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിശീലനം.

പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്.

മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ചുകിടക്കുമ്‌ബോഴാണ് കൂടെയുള്ള ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ദേശീയദുരന്ത നിവാരണ സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കം വേറെ ബോട്ടുകളില്‍ എത്തി . ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലില്‍ വെള്ളത്തിനടിയില്‍നിന്ന് എന്‍.ഡി.ആര്‍.എഫ്. സ്‌കൂബാ ഡൈവറാണ് ബിനുവിനെ കണ്ടെത്തിയത്.

ആംബുലന്‍സില്‍ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതില്‍ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ആറ്റില്‍നിന്നും പുറത്തെടുക്കുമ്‌പോള്‍ ജീവനുണ്ടായിരുന്നില്ലെന്നും അധികൃതരുടെ ന്യായീകരണം എങ്ങനെ ആകണം എന്നതിന് വ്യക്തതവരുത്താനായി മരണം വൈകി പുറത്തറിയിക്കുകയായിരുന്നുവെന്നും ആക്ഷപമുണ്ട്.

പ്രതികരിച്ച മന്ത്രിപോലും ഇയാള്‍ കുഴഞ്ഞുവീണു മരിച്ചു എന്നാണ് പറയുന്നത്. ദയനീയപ്രകടനമായിരുന്നു രക്ഷാ പ്രവര്‍ത്തകരുടേത്. ഡിങ്കിബോട്ട് സ്റ്റാര്‍ട്ടായില്ല. കൊണ്ടുപോയ ആംബുലന്‍സില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു. ചരിത്രത്തില്‍ ഇല്ലാത്ത വിധം ലജ്ജാകരമായ പ്രവര്‍ത്തനം നടത്തിയത് നിരവധി ഉദ്യഗസ്ഥര്‍ നേരിട്ടു നിരന്നു നിന്നാണ്. ഇക്കൂട്ടര്‍ പ്രഷയത്തിലെന്തു ചെയ്യും എന്നതിന്റെ നേര്‍ക്കാഴ്ചയായി ഇന്നലത്തെ സംഭവം.

Advertisement