കുറ്റാലം . തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നാല് വയസുകാരിയെ അത്ഭുതകരമായി രക്ഷപെടുത്തി. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് കുട്ടിയെ രക്ഷിച്ചത്. തലയ്ക്ക് പരിക്കേറ്റ കുട്ടി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ രാവിലെ 11 മണിക്ക് പഴയകുറ്റാലത്താണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി നവനീത് കൃഷ്ണന്റെ മകൾ ഹരിണിയാണ് ഒഴുക്കിൽപ്പെട്ടത്. കുടുംബവുമായി എത്തിയ നവനീത് കുട്ടികളെ കുളിക്കാനായി ഇറക്കിയ ശേഷം വെള്ളച്ചാട്ടം കാണാൻ പോയി. ഇതിനിടയിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. മുകളിലെ ഭാഗത്തുനിന്നും കുട്ടി ഒഴുകി എത്തിയതാണെന്ന് രക്ഷിക്കുന്നവര്‍ പറയുന്നത് കേള്‍ക്കാം.
രക്ഷാപ്രവര്‍ത്തകന്‍ അടുത്തെത്തുന്നതിനുമുമ്പ് ഒരുപ്രാവശ്യം കുട്ടി ഒഴുക്കിലേക്ക് വീണെങ്കിലും വശത്തെ പാറയില്‍ തട്ടിമാറി അപ്പോഴേക്കും വിജയകുമാര്‍ അടുത്തെത്തുകയായിരുന്നു.
താഴ്ചയിലേക്ക് കുട്ടി പോകുന്നത് കണ്ട വിജയകുമാർ സാഹസികമായി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ രക്ഷിച്ചശേഷം ഏറെ നേരം അന്വേഷിച്ചാണ് ആരുടെ കുട്ടിയാണെന്ന് പോലും കണ്ടെത്തിയത്.
അഞ്ചു മാസം മുമ്പാണ് കുറ്റാലത്ത് മൂന്ന് പേർ ഒഴുക്കിൽപ്പെട്ടത്. അന്ന് തമിഴ്‌നാട് സ്വദേശിനി മരിച്ചിരുന്നു. കുറ്റലത്തെ വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോൾ സഞ്ചാരികൾ ജാഗ്രത പാലിക്കണം എന്ന തമിഴ്‌നാട് പൊലീസിന്റെ മുന്നറിയിപ്പ് ഉള്ളപ്പോഴാണ് അപകടമുണ്ടായത്.