ഇന്ത്യയില്‍ വച്ച് പീഡനമുണ്ടായിട്ടില്ല, കൊറിയന്‍യുവതി എംബസി ഉദ്യോഗസ്ഥരോട്

Advertisement

കോഴിക്കോട്.പീഡനത്തിനിരയായ കൊറിയന്‍ യുവതിയെ കൊറിയൻ എംബസി ഉദ്യോഗസ്ഥർ ചെന്നൈ കോൺസുലേറ്റിലേക്ക് കൊണ്ടുപോയി. കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് നടപടി. ഇന്ത്യയിൽ വച്ച് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടരുകയാണ്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ കൊറിയൻ
എംബസി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം യുവതിയുമായി സംസാരിച്ചു. തുടർന്നാണ് നാട്ടിലേക്ക് തിരികെ അയക്കാൻ തീരുമാനിച്ചത്.
ചെന്നൈ വഴി ആയിരിക്കും യുവതിയെ നാട്ടിലെത്തിക്കുക.
ഇന്ത്യയിൽ വച്ച് പീഡനം ഉണ്ടായിട്ടില്ലെന്ന് യുവതി എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞു. എങ്കിലും മെഡിക്കൽ പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയതിനാൽ അന്വേഷണം തുടരാനാണ് കോഴിക്കോട് ടൗൺ പൊലീസിൻ്റെ തീരുമാനം. യുവതി മാനസിക രോഗത്തിന് നാട്ടിൽ ചികിത്സ തേടിയതിൻ്റെ രേഖകളും പൊലീസ് എംബസി ഉദ്യോഗസ്ഥർ വഴി ശേഖരിച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിമൂന്നിനാണ് മതിയായ രേഖകളില്ലാതെ കൊറിയൻ യുവതി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു.
ഈമാസം ഒൻപതിനാണ് യുവതി കേരളത്തിൽ എത്തിയത്.

Advertisement