കാട്ടുകൊമ്പനെ പിടിക്കണം, ധോണിയില്‍ ജനം ഇടഞ്ഞു

Advertisement

പാലക്കാട്.കാട്ടുകൊമ്പനെ ഭയന്ന ധോണി ചലനരഹിതം, തയ്യാറെടുപ്പ് ഇനിയും കഴിയാതെ അധികൃതര്‍.ജനങ്ങളും ഇടഞ്ഞു ധോണിയില്‍ തുടര്‍ച്ചയായി ജനവാസമേഖലകളിലിറങ്ങി ഭീതി വിതച്ചുകൊണ്ടിരിക്കുന്ന പിടി സെവന്‍ എന്ന കൊമ്പനെ പിടികൂടാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു.എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും ആനയെ പിടികൂടാന്‍ എന്താണ് തടസ്സമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.മയക്കുവെടി വെക്കുന്നതിന് വനംവകുപ്പിന്റെ അന്തിമഅനുമതി ഇനിയും ലഭിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍


ധോണി മായാപുരത്ത് ഇന്നലെ വീണ്ടും പീടി സെവനിറങ്ങി.ജനവാസമേഖലയിലൂടെ പതിവ് സഞ്ചാരത്തിനിറങ്ങിയ കൊമ്പനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാടുകയറ്റിയത്.നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും കൊമ്പനെ മയക്കുവെടി വെക്കാത്തതില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു.പിടി സെവന്‍ എന്ന കൊമ്പനെ ഭയന്ന് കഴിച്ചുകൂട്ടുന്ന രാത്രിപകലുകളിലെ ആശങ്കകളെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ധരിപ്പിച്ചു

ശക്തമായ കൂട് സഹിതം പിടി സെവനെ മയക്കുവെടി വെക്കുന്നതിനുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും മൂന്ന് കുങ്കിയാനകളെ വയനാട്ടില്‍ നിന്ന് എത്തിക്കാനോ 20 അംഗസംഘത്തിന് ചുമതല നല്‍കാനോ വനംവകുപ്പിന്റെ അന്തിമാനുമതി ലഭിച്ചിട്ടില്ല.ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.മയക്കുവെടി വെക്കാന്‍ വൈകുന്തോറും ഓരോ ദിവസവും ജനവാസമേഖലകളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് പിടി സെവന്‍. മേഖലയില്‍ ജനജീവിതം പ്രത്യേകിച്ച് രാത്രി പാടേ സ്തംഭിച്ച നിലയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങാറില്ല. അടിയന്തരാവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാവാതെ ജനം ഭീതിയിലാണ്.

Advertisement