ബഫര്‍സോണ്‍,നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം . ബഫര്‍സോണില്‍ ആശയക്കുഴപ്പം തുടരുന്നതിനിടെ സര്‍വെ നമ്പറുള്‍പ്പെട്ട ഭൂപടം പ്രസിദ്ധീകരിച്ചതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. അടുത്ത പത്ത് ദിവസം കൊണ്ട് എല്ലാ പരാതികളും സ്വീകരിക്കുകയും പരിഗണിക്കുകയും വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പുതിയ ഭൂപടത്തിലും അപാകതയുണ്ടെന്നും കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

ഡിസംബര്‍ 22 ന് വനംവകുപ്പ് ബഫര്‍സോണുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ സര്‍വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതോടെ ആശങ്കകള്‍ മാറുമെന്നും പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് തയാറാക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ബഫര്‍സോണിലുള്ള പ്രദേശങ്ങളും കെട്ടിടങ്ങളും കൃത്യതയോടെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ജനുവരി ഏഴിനകമാണ് പരാതി നല്‍കേണ്ടത്.

ഇനി പത്ത് ദിവസം മാത്രമാണ് ഇതിനായി ശേഷിക്കുന്നത്. അതിനാല്‍ പരാതികളും നിര്‍ദ്ദേശങ്ങളും സമയബന്ധിതമായി സമര്‍പ്പിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തുന്നത്. സര്‍വേ നമ്പര്‍ ഭൂപടത്തില്‍ ആദ്യസമയത്തിലുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചു കഴിഞ്ഞു. ജനങ്ങളുടെ പരാതികള്‍ പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സര്‍വേ നമ്പര്‍ കൂടി പ്രസിദ്ധീകരിച്ച ഭൂപടത്തിനെതിരെയും പരാതികള്‍ ഉയരുന്നുണ്ട്. ഇതില്‍ ഒരേ സര്‍വേ നമ്പര്‍ തന്നെ ബഫര്‍സോണിലും അതിനും പുറത്തും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി. എന്നാലിത് സ്വാഭാവികമാണെന്നും ഒരേ സര്‍വേ നമ്പരില്‍ കിടക്കുന്ന ഭൂമിയുടെ ഒരു ഭാഗം ബഫര്‍സോണില്‍ ഉള്‍പ്പെട്ടതുകൊണ്ടാണിത് സംഭവിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

Advertisement