തൃശൂര്‍. പേരാമംഗലം പുറ്റേക്കരയില്‍ യുവ എഞ്ചിനീയറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട അരുണ്‍ലാലിന്റെ സുഹൃത്ത് ടിനുവാണ്
അറസ്റ്റിലായത്. ടിനുവിനുണ്ടായ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാനായത് തൃശൂര്‍ സിറ്റി പൊലീസിന്റെ നേട്ടമായി
പടിഞ്ഞാറെ കോട്ട ചിറയത്ത് വീട്ടില്‍ ടിനുവിനെയാണ് പേരാമംഗലം ഇന്‍സ്പെക്ടര്‍ വി അശോക് കുമാറും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള
അന്വേഷണസംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26ന് രാത്രി പത്ത് മണിയോടെയാണ് കംപ്യൂട്ടര്‍ എഞ്ചിനീയറായ അരുണ്‍ലാലിനെ വീടിന്റെ മുന്നൂറ് മീറ്റര്‍
അകലെയുള്ള റോഡരുകില്‍ അവശനായ നിലയില്‍ കണ്ടെത്തുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. തലയ്ക്കേറ്റ പരിക്കുകളാണ്
മരണകാരണമെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകമെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച്
അന്വേഷണം തുടങ്ങി. കിഴക്കേ കോട്ടയിലെ ബേക്കറി ജീവനക്കാരനായ ടിനുവിനും അരുണ്‍ലാലിനും സ്ഥിരമായി മദ്യപിക്കുന്ന ശീലമുണ്ട്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ്
പൊലീസ് പറയുന്നത്. ടിനുവിനുണ്ടായ പ്രണയത്തെ കുറിച്ച് അരുണിനോട് പറയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി അരുണ്‍ ടിനുവിനെ പരിഹസിക്കുകയും ചെയ്തിരുന്നു.
പ്രണയമുണ്ടായിരുന്ന യുവതി തന്നെ അവഗണിക്കാന്‍ കാരണം അരുണാണെന്ന് തെറ്റിധരിച്ച ടിനുവിന് വൈരാഗ്യമുണ്ടായി. തൃശൂര്‍ എംജി റോഡിലെ ബാറില്‍ നിന്ന്
മദ്യപിച്ചിറങ്ങിയ അരുണിനെ ടിനു വീട്ടില്‍കൊണ്ട് വിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി. പുറ്റേക്കരയിലെ വീട്ടിലെത്തും മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
പിന്നീട് അരുണിനെ ടിനു ആക്രമിക്കുകയും നിലത്തിട്ട് മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ചവിട്ടുകയുമായിരുന്നു. ബാറുകളിലെ സിസിടിവി ദൃശ്യങ്ങളടക്കം
കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ പൊലീസിന് സാധിച്ചത്. ഷാഡോ പോലീസ് ഇന്‍സ്പെകടര്‍മാരായ എന്‍ജി സുവ്രതകുമാര്‍,
പി എം റാഫി, പി രാഗേഷ്, കെ ഗോപാലകൃഷ്ണന് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.