സോളാർ പീഡന കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ

Advertisement

തിരുവനന്തപുരം . സോളാർ പീഡന കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയിൽ
റിപ്പോർട്ട് സമർപ്പിച്ചു.ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ റിപ്പോർട്ട്.മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ സോളാർ പീഡന കേസുകളിൽ സിബിഐ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളുടെയും അന്വേഷണം അവസാനിപ്പിച്ചു.

സോളാർ തട്ടിപ്പ് വിവാദങ്ങൾക്കു പിന്നാലെ കേരള രാഷ്ട്രീയ ചരിത്രം കണ്ട് ഏറ്റവും സ്ഫോടനാത്മകമായ കേസുകളിലാണ് സിബിഐ അന്വേഷണം അവസാനിപ്പിച്ചത്. 2021 ആഗസ്റ്റിലാണ് സിബിഐ സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് 6 കേസുകൾ രജിസ്റ്റർ ചെയ്‌തത്‌ . മുൻപ് ഹൈബി ഈഡൻ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ, എ.പി അനിൽകുമാർ എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. പിന്നാലെയാണ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി എന്നിവരെയും കുറ്റവിമുക്തരാക്കി സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.


റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ: ഉമ്മൻ‌ചാണ്ടി ക്ലിഫ് ഹൌസിൽ വച്ചു പരാതിക്കാരിയെ പീഡിപ്പിച്ചു എന്നതിന് തെളിവില്ല. ആക്ഷേപം ഉന്നയിച്ച ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഇതിനുള്ള സാഹചര്യ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ല. പീഡിപ്പിക്കുന്നത് പി.സി ജോർജ്ജ് കണ്ടുവെന്ന വാദവും പൊളിഞ്ഞു. ഒന്നും കണ്ടിട്ടില്ലെന്നു പി.സി ജോർജ്ജ് മജിസ്‌ട്രേറ്റിന് മൊഴി നൽകി.

അബ്ദുള്ള കുട്ടി മാസ്ക്കറ്റ് ഹോട്ടലിൽ വെച്ചു പീഡിപ്പിച്ചുവെന്നതും തെറ്റായ ആരോപണം. കെ.സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചു. മൊഴിമാറ്റാൻ കെ.സി.വേണുഗോപാലിന്റെ സെക്രട്ടറി പണം നൽകി എന്ന പരാതിക്കാരിയുടെ മാനേജറുടെ മൊഴി വ്യാജമാണ്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്നു സി.ബി.ഐ കോടതിയെ അറിയിച്ചത്.

പറയത്തക്ക ആക്ഷേപമൊന്നുമില്ലാതിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ആട്ടി ഉലച്ചുമുട്ടുകുത്തിച്ച കേസാണ് സോളാര്‍ കേസ്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഒന്നുമുണ്ടായില്ലെന്ന ആണയിടലുകള്‍ വിലപ്പോയില്ല, സദാചാരത്തോക്കിന്‍ മുനയില്‍ യുഡിഎഫ് സര്‍ക്കാരിനെ നിര്‍ത്താന്‍ വലിയ പ്രക്ഷോഭം തന്നെ പ്രതിപക്ഷം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് വളയല്‍പോലുമുണ്ടായി. അധികാരത്തില്‍നിന്നും ഉമ്മന്‍ചാണ്ടിയും സംഘംവും കണ്ണീരോടെ ഇറങ്ങിപോകേണ്ടിവന്നു. കേസില്‍ ക്രൈം ബ്രാഞ്ച് ക്ളീന്ർ ചിറ്റ് നല്‍കിയെങ്കിലും സിബിഐക്കുവിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതിലാണ് തെറ്റഉകാരല്ല എന്ന കണ്ടെത്തല്‍.

അതേ സമയം ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നടപടി സ്വീകരിക്കില്ലന്ന് സോളർ കേസിലെ പരാതിക്കാരി വ്യകത്മാക്കി. പ്രായവും രോഗവും പരിഗണിച്ചാണ് തീരുമാനം.
കെ.സി.വേണുഗോപാൽ ഉൾപ്പെടെ മറ്റുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ കോടതിയിൽ എതിർക്കുമെന്നും പരാതിക്കാരി അറിയിച്ചു.

Advertisement