കൊച്ചിയിൽ അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിക്കുന്നു, ഏറ്റവും കൂടുതൽ വൈറ്റിലയിൽ

Advertisement

കൊച്ചി: അന്തരീക്ഷ മലിനീകരണത്തോത് ഏറെക്കൂടി കൊച്ചിനഗരവും പരിസരവും. വായുനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ) അടിസ്ഥാനത്തിൽ കൊച്ചിയിൽ വൈറ്റിലയാണ് ഏറെ മോശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കു പ്രകാരം ഈ മാസം 22ന് വൈറ്റിലയിലെ എക്യുഐ 128 ആണ്.

ശ്വാസകോശ രോഗങ്ങളുള്ളവർ, ഹൃദ്രോഗികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർ ഈ അളവിലെ എക്യുഐ ഉള്ള വായു സ്ഥിരമായി ശ്വസിക്കുന്നതു ശ്വസനസംബന്ധമായ പല ഗുരുതര പ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗം പ്രഫസർ ഡോ. പി.എസ്.ഷാജഹാൻ പറയുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കുകളിലും വൈറ്റിലയിലെ വായു മലിനീകരണത്തോത് കൂടുതലാണ്.

കഴിഞ്ഞ നാലു ദിവസങ്ങളിലെ ശരാശരി 150 നു മുകളിലെത്തി. ഏലൂരിൽ സമീപ ദിവസങ്ങളിലെ വായുനിലവാര സൂചിക പരമാവധി 72 ആണ്. ഈ മാസം 22ലെ എക്യുഐ 51 ആയിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കൊച്ചിയിലെ വായുനിലവാര സൂചിക അളക്കാനുള്ള മറ്റൊരു സംവിധാനമുള്ളത് എംജി റോഡിലാണ്. എന്നാൽ കഴിഞ്ഞ മാസം പകുതിക്കുശേഷം ഇവിടെ നിന്നുള്ള വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ മാസം 17ന് ഇവിടത്തെ എക്യുഐ 26 ആയിരുന്നു.

നഗരത്തിലെ പലയിടത്തും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും പാതകളിലെ ഗതാഗതക്കുരുക്കുകളും മലിനീകരണത്തിന്റെ തോത് കൂട്ടുന്നു. അന്തരീക്ഷ വായുവിൽ കൂടിയ അളവിലുള്ള കണികാ മാലിന്യങ്ങൾ, നൈട്രജൻ ഡയോക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ലെഡ് തുടങ്ങിയവയാണ് സ്ഥിതി ഗുരുതരമാക്കുന്നത്. ദേശീയ വായുനിലവാര സൂചിക പ്രകാരം 50 വരെ എക്യുഐ നല്ലതെന്നും 51 മുതൽ 100 വരെ തൃപ്തികരമെന്നും വിലയിരുത്തുന്നു.

ഈ അളവിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. 101 മുതൽ 200 വരെ മിതമായ മലിനീകരണത്തോതാണ്. 201നും 300നും ഇടയിൽ മോശവും 301നും 400നും ഇടയിൽ വളരെ മോശവുമാകും വായുവിന്റെ ഗുണമേന്മ. 400നു മുകളിൽ 500 വരെയുള്ള അവസ്ഥ ആരോഗ്യമുള്ളവരിലും പ്രശ്നമാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഈ സൂചിക വിലയിരുത്തിയാണ് പലപ്പോഴും യാത്രാപദ്ധതി തീരുമാനിക്കുന്നത്.

Advertisement