നാഗ്പൂരിൽ മത്സരത്തിനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദ മരിച്ചു

ആലപ്പുഴ: കേരളത്തിന്റെ ദേശീയ സൈക്കിൾ പോളോ താരം നിദ ഫാത്തിമ (10) നാഗ്പൂരിൽ അന്തരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനിയാണ്.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നാഗ്പൂരിലെത്തിയത്. ഇന്നലെ രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെയായിരുന്നു മരണം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ്. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഫാത്തിമയുടെ വിയോഗം.

നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്‌ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഫാത്തിമയുടെ പിതാവ് നാഗ്പൂരിലേക്ക് തിരിച്ചു.

Advertisement