എന്താണ് ഹള്‍ട്ട് പ്രൈസ്, മികവുള്ള വിദ്യാര്‍ഥി ഗ്രൂപ്പുകളെ ടികെഎം ക്ഷണിക്കുന്നു

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള മത്സരത്തിൽ 5 ഘട്ടങ്ങളിലൂടെ 1,000,000 ഡോളർ ക്യാഷ് പ്രൈസ് നേടാൻ അവസരം നൽകുന്ന പരിപാടി

കൊല്ലം .വിദ്യാർഥികളുടെ നോബൽ പ്രൈസ് എന്നു അറിയപ്പെടുന്ന ഹള്‍ട്ട് പ്രൈസ് നേടാന്‍ കൊല്ലം ടികെ എം എന്‍ജിനീയറിംങ് കോളജ് അവസരമൊരുക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള മത്സരത്തിൽ 5 ഘട്ടങ്ങളിലൂടെ 1,000,000 ഡോളർ ക്യാഷ് പ്രൈസ് നേടാൻ അവസരം നൽകുന്ന പരിപാടിയാണിത്.
ഓൺ ക്യാമ്പസ്‌ പ്രോഗ്രാമും കോളേജ് തല മത്സരത്തെ പ്രതിനിധീകരിക്കുന്ന ഓപ്പൺ ആപ്ലിക്കേഷനും ഉൾപ്പെടുന്ന ക്വാളിഫയറാണ് ആദ്യ ചുവട്. തുടർന്ന് മല്‍സരാര്‍ത്ഥികള്‍ ആഗോള തല പങ്കാളിത്തവും സ്ക്രീനിംഗും ഉൾപ്പെടുന്ന ക്വാട്ടർ ഫൈനലുകളിലും സെമി ഫൈനലുകളിലും എത്തണം.

തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ രണ്ട് ഘട്ടങ്ങളിലായി ബിസിനസ്സ് വെല്ലുവിളികളുടെ ഒരു പരമ്പര ഉൾപ്പെടുന്ന ഗ്ലോബൽ ആക്സിലറേറ്ററിലേക്ക് എത്തുന്നു. 6 ഫൈനലിസ്റ്റുകൾ അവരുടെ സംരംഭങ്ങളുമായി ഗ്ലോബൽ ഫൈനലിൽ വിശിഷ്ട വിധികർത്താക്കളുടെ പാനലിലേക്ക് പ്രവേശിക്കും. ഈ വർഷത്തെ ഹൾട്ട് പ്രൈസ് ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓൺകാമ്പസ് പ്രോഗ്രാം രജിസ്റ്റർ ചെയ്ത ടീമുകൾക്കായി വിവിധ പരിപാടികളും പരിശീലനങ്ങളും ഒരുക്കുന്നുണ്ട്.

ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3-5 അംഗങ്ങളുള്ള ഒരു ടീം എന്ന നിലയിൽ രജിസ്റ്റർ ചെയ്യാം. പുത്തൻ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന തീം തയ്യാറാക്കി ഒരു ബിസിനസ് പ്ലാൻ ഉണ്ടാക്കുക.

ആഗോള പ്രവണതകളും സുസ്ഥിരതയും ആവശ്യാനുസരണം നിറവേറ്റുന്ന ഒരു നൂതന ആശയം എല്ലായ്പ്പോഴും ഹൾട്ട് പ്രൈസ് കൊണ്ടുവരുന്നു. 2023 ലെ ഹൾട്ട് പ്രൈസ് ആശയമാണ് “റീഡിസൈനിംഗ് ഫാഷൻ”.
ഫാഷൻ മേഖലയിൽ അടിയന്തിരമായി ഒരു രൂപ മാറ്റം എത്രത്തോളം വേണമെന്ന് നമുക്കേവർക്കും അറിയാം.
ലോകത്ത് 8% വരെ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന് കാരണം ഫാഷൻ വ്യവസായമാണ്‌. ഒരു വർഷം 215 ട്രില്യൺ ലിറ്റർ വെള്ളം ഉപയോഗിക്കുന്ന ഈ വ്യവസായം നമ്മുടെ സമുദ്രങ്ങളിൽ കാണപ്പെടുന്ന 9% മൈക്രോപ്ലാസ്റ്റിക്സിനു കാരണവുമാകുന്നുണ്ട്.
ഫാഷൻ വ്യവസായത്തിൽ ആവാസവ്യവസ്ഥയുടെ ഓരോ ഘട്ടവും പുനർവിചിന്തനം ചെയ്യേണ്ട സമയമാണിത്.

ഫാഷൻ വ്യവസായത്തിൽ ലാഭേച്ഛയില്ലാതെ ഒരു സാമൂഹിക സംരംഭം സൃഷ്ടിക്കാൻ ക്രിയാത്മകമായ ചിന്തകൾ ഹൾട്ട് പ്രൈസ് ചലഞ്ച് ആവശ്യപ്പെടുന്നു. ഇത് മാനവരാശിക്ക് ഗുണപരമായ സ്വാധീനം സൃഷ്ടിക്കാനും 2030 നുള്ളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയെ പിന്തുണയ്ക്കാൻ സാധിക്കും.

മനുഷ്യർക്ക് ഉപയോഗപ്രദമാകുന്ന രീതിയിലുള്ള പുനർനിർമിച്ചതും പുനരുപയോഗ സാധ്യതയുമുള്ള വസ്ത്രങ്ങൾ അവതരിപ്പിക്കുന്നതാണ് ഈ വർഷത്തിലെ ഹൾട്ട് പ്രൈസ് ലക്ഷ്യം. ലോകത്തിനു വേണ്ട രീതിയിലുള്ള പുതിയ ഫാഷൻ മേഖല വാർത്തെടുക്കാം.

ലോകമെമ്പാടുമുള്ള സർവകലാശാല വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് നടത്തുന്ന ഒരു സാമൂഹിക സംരംഭകത്വ പരിപാടിയാണ് ഹൾട്ട് പ്രൈസ്. ഹൾട്ട് പ്രൈസ് ഫൗണ്ടേഷൻ സ്ഥാപകനും സിഇഒയുമായ അഹമ്മദ് അഷ്കറാണ് ഒരു സ്റ്റാർട്ട് അപ്പ് പ്രോഗ്രാം എന്ന നിലയിൽ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. നൂതന ആശയങ്ങളിലൂടെ ലോകത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാന്‍ ലക്ഷ്യമിടുന്നതാണ് ഈ പരിപാടി. ബന്ധപ്പെടാന്‍ മെയില്‍ zainabdulmuiz@gmail.com മൊബൈല്‍. 7073074756

Advertisement