മലപ്പുറം. വേങ്ങര ഗേൾസ് സ്‌കൂൾ അധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ
സഹപ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ്
സ്‌കൂളിലെ എസ് പി സി ചുമതല വഹിക്കുന്ന അധ്യാപകൻ അറസ്റ്റിലായത്.


വേങ്ങര ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായ ബൈജു ടി രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത് . കണ്ണമംഗലത്തെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത വേങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതേ സ്‌കൂളിലെ അധ്യാപകനായ പേരാമ്പ്ര സ്വദേശി രാംദാസ് പിടിയിലായത് .

അധ്യാപികയുടെ ഡയറികുറിപ്പുകളും, ഫോൺ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് രാംദാസിനെ അറസ്റ്റ് ചെയ്തത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും, അധ്യാപിക മറ്റ് അധ്യാപകരോടും മറ്റും സംസാരിക്കുന്നതിൽ നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.

ഫോൺ വിളിച്ച് അപമാനിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തുടർന്നാണ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ എസ്‌ പി സി ചുമതല വഹിക്കുന്നയാളാണ് പിടിയിലായ രാംദാസ്. ആത്മഹത്യ ചെയ്ത അദ്ധ്യാപിക ബൈജു ടി പ്രൈമറി വിഭാഗത്തിലെ എസ്‌ പി സി ചുമതല വഹിച്ചിരുന്നു.