അപൂര്‍വരോഗം ബാധിച്ച കുരുന്നിനെ വിധിക്ക് വിട്ടുകൊടുത്ത് ലോകോത്തരമായ നമ്മുടെ ആരോഗ്യ രംഗം മാറി നില്‍ക്കുന്നു, കണ്ണീരൊഴുക്കി മാതാപിതാക്കള്‍

കൊട്ടാരക്കര. അപൂര്‍വ രോഗം ബാധിച്ചകുട്ടിയുടെ ചികില്‍സ പാതിവഴിയിലാക്കി ജീവന്‍ വിധിക്ക് വിട്ടുകൊടുത്ത് നമ്മുടെ ആരോഗ്യരംഗം പിന്മാറുമ്പോള്‍ കരയാന്‍ പോലുമാകാതെ മാതാപിതാക്കള്‍.

സാധിക എന്ന അഞ്ചുവയസുകാരിയാണ് ജീവനുവേണ്ടി പൊരുതുന്നതിനിടെ ഇന്ന് ശ്രീചിത്രയില്‍ നിന്നും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റപ്പെട്ടത്. കുന്നത്തൂര്‍ ഐവര്‍കാല സ്വദേശി ശ്രീകുമാറും ഭാര്യ നിഷയുമാണ് മകളുടെ ജീവനുവേണ്ടി ഉള്ള സ്വത്തുമുഴുവന്‍ ചിലവാക്കി വെറും കയ്യുമായി സര്‍ക്കാരാശുപത്രിയിലെത്തിയിരിക്കുന്നത്.
വെസ്റ്റ് നൈല്‍ മെനിഞ്ചോ എന്‍സഫലൈറ്റിസ് ആണ് രോഗം. നിസഹായരായ ഈ കുടുംബത്തിന് നമ്മുടെ ആരോഗ്യ സംവിധാനത്തില്‍ നിന്നും പറയത്തക്ക സഹായം കിട്ടിയിട്ടില്ല. ഓഗസ്റ്റ് 17ന് ആണ് പനിയുമായി കുട്ടിയെ കൊട്ടാരക്കര വിജയാസില്‍ എത്തിക്കുന്നത്. പിന്നീട് വിദഗദ്ധ ചികില്‍സക്കായി കൊല്ലം മെഡിസിറ്റിയിലേക്കുമാറ്റി. ഇവിടെ ഒന്നും എന്താണ് അസുഖം എന്ന് കണ്ടെത്താനായിരുന്നില്ല. തിരുവനന്തപുരം കിംസില്‍വച്ചാണ് സെപ്റ്റംബറില്‍ കുട്ടിയുടെ അസുഖം തിരിച്ചറിയുന്നതും അതിനായി ചികില്‍സ ആരംഭിക്കുന്നതും.

വസ്തു വിറ്റുപെറുക്കിയും കടംവാങ്ങിയും 15ലക്ഷത്തോളം രൂപ ഇക്കാലത്തിനിടെ ചിലവിട്ടു. അബോധാവസ്ഥയിലായ കുഞ്ഞിനെ ചികില്‍സക്ക് പണം ഇല്ലാത്ത നിലയിലാണ് ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സക്ക് ചിലവില്ലെങ്കില്‍പോലും പുറത്തെ താമസവും മറ്റ് ചിലവുകളുമായി നല്ലതുക വേണ്ടിയിരുന്നു. ഇതിനിടെയാണ് പീഡിയാട്രിക് വാര്‍ഡിലെ ബെഡ് കുറവിന്റെ പേരില്‍ സാധികയെ സൗകര്യപ്രദമായ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. നാല് അഞ്ച് മാസം ഇതേ നിലയില്‍ തുടര്‍ന്നാലേ കുട്ടിയുടെ നിലമെച്ചപ്പെടൂ, അതിന് കുറേക്കൂടി സൗകര്യമുള്ള മെഡിക്കല്‍കോളജിലാക്കേണ്ടതാണ്. എന്നാല്‍ അവിടെ കുട്ടിക്ക് മറ്റ് രോഗബാധക്കുള്ള സാധ്യത ഏറെയാണ്. അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു ആതുരാലയത്തിലെ ഒരു കിടക്കയാണ് ഈ കുരുന്നിന് വേണ്ടത്. എന്നാല്‍ അതിന്റെ ചിലവുതാങ്ങാന്‍ മാതാപിതാക്കള്‍ക്കാവുന്നില്ല. കണ്ണീരോടെ കൈകൂപ്പി നില്‍ക്കുകയാണിവര്‍.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രത്യേകമായി അഡ്മിറ്റ് ചെയ്തുവെങ്കിലും ഇത്തരം ഒരു രോഗിയെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ അവിടെയില്ല. ഇടക്ക് സാധികയുടെ അവസ്ഥ വഷളാവുകയും ചെയ്തു

ചെറിയ വരുമാനമുണ്ടായിരുന്ന ജോലി വിട്ടിട്ടാണ് ശ്രീകുമാറും നിഷയും കുഞ്ഞിനുവേണ്ടി ആശുപത്രികള്‍ കയറിഇറങ്ങുന്നത്. പല വാതിലുകളിലും ഇവര്‍ ഇതിനോടകം മുട്ടി നിരാശരായി മടങ്ങുകയായിരുന്നു. അഡ്രസ് വയ്ക്കാനുള്ള വീടുപോലും നഷ്ടമായിക്കഴിഞ്ഞു. ഇനി എവിടെ കൈനീട്ടുമെന്നിവര്‍ക്ക് അറിയില്ല.

അപൂര്‍വരോഗം ബാധിച്ച നിര്‍ധനകുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു കാര്യമായ ശ്രദ്ധയും ഇതിനിടെ ലഭിച്ചിട്ടില്ല. കനിവുള്ളവര്‍ക്ക് ഈ കുരുന്നിനായി കഴിയുന്നത് ചെയ്യാം

Name NISHA.M
Account number 67119636127
IFSC CODE. SBIN0070293
Google pay no 8590814765

Advertisement