മ്യൂസിയം ആക്രമണം, തിരിച്ചറിയല്‍പരേഡ് വിഫലം

തിരുവനന്തപുരം. മ്യൂസിയത്തിൽ വനിത ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്.സംശയത്തിന്റെ അടിസ്ഥാനത്തിൽ പത്ത് പേരുടെ തിരിച്ചറിയൽ പരേഡ് നടത്തി.ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടുപോയ വഴിയും പൊലീസ് സ്ഥിരീകരിച്ചു. കുറവൻകോണത്ത് ബുധനാഴ്ച അതിക്രമം നടന്ന വീട്ടിൽ ഇന്നലെയും അജ്ഞാതൻ എത്തി. മ്യൂസിയത്തിൽ വനിത ഡോക്ടറെ ആക്രമിച്ചയാളും, കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ വ്യക്തിയും രണ്ട് പേരാണെന്നാണ് പൊലീസിന്റെ നിഗമനം.

നഗരഹൃദയത്തിൽ വനിതാ ഡോക്റ്റർക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായി അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്കെത്താൻ കഴിയാതായതോടെയാണ് പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൽ ചില നിർണ്ണായക വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചു.മ്യൂസിയത്തിൽ സ്ത്രീയെ ആക്രമിച്ച ശേഷം പ്രതി നന്ദാവനം വഴി ബേക്കറി ജങ്ഷനിലേക്കും,പിന്നീട് പാളയത്തുമെത്തി.
വീണ്ടും കറങ്ങി മ്യൂസിയത്തിന് മുൻപിലൂടെ അക്രമി മാനവീയം വീതി വഴി വഴുതക്കാടേക്ക്‌ പോയെന്നാണ്‌ പോലീസ് കണ്ടെത്തൽ.ഈ സ്ഥലങ്ങളിലെ മുഴുവൻ സിസിറ്റിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ ലഭിച്ചു.അതേ സമയം സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പത്തു പേരുടെ തിരിച്ചറിയൽ പരേഡ് നടത്തി.മ്യൂസിയം സ്റ്റേഷനിലേക്ക് പരാതിക്കാരിയെ വിളിച്ചു വരുത്തി നടത്തിയ തിരിച്ചറിയൽ പരേഡിൽ ആരെയും തിരിച്ചറിഞ്ഞില്ല.
ഇതോടെ കസ്റ്റഡിയിൽ എടുത്ത ഏഴോളം ആളുകളെ വിട്ടയച്ചു.

വനിതാ ഡോക്റ്റർക്കു നേരെ അതിക്രമം ഉണ്ടായ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കുറവൻകോണത്തെ അശ്വതി നായർ എന്നയാളുടെ വീട്ടിലും അജ്ഞാതൻ എത്തി അതിക്രമം നടത്തിയിരുന്നു.ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഇന്നലെയും അജ്ഞാതൻ കുറവൻകോണത്തെ വീട്ടിലെത്തി

വനിതാ ഡോക്റ്ററെ ആക്രമിച്ചത് കുറവൻകോണത്തെ വീട്ടിലെത്തിയ ആളല്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇരുവരുടെയും ശരീരഘടനയിലെ വ്യത്യാസം മനസ്സിലാക്കിയാണ് ഇക്കാര്യം ഉറപ്പിച്ചത്.പോലീസിന്റെ ആദ്യ ഘട്ട അന്വേഷണത്തിൽ പിഴവ് സംഭവിച്ചുവെന്ന് ഇന്നും വനിതാ ഡോക്റ്റർ ആവർത്തിച്ചു

അതേ സമയം അമ്പലമുക്ക്,ശാസ്തമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ചില വീടുകളിലും അജ്ഞാതർ അതിക്രമിച്ചു കയറിയിരുന്നതായി ഇന്ന് പരാതികൾ ഉയർന്നു.

Advertisement