സംസ്ഥാനത്തെ ചെള്ളുപനി ; വിശദ പഠനം നടത്താൻ ഐസിഎംആർ

തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനി പഠിക്കാൻ ഐസിഎംആർ തീരുമാനം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ വിശദപഠനം നടത്തും.

ഈ വർഷം 14 പേരാണ് കേരളത്തിൽ ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളു പനിയെക്കുറിച്ച് ഐസിഎംആറിന്റെ പഠനം.

പുതുച്ചേരി വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിലെ വിദഗ്ധരാണ് പഠനത്തിനെത്തുന്നത്. സംസ്ഥാനത്ത് ഈ വർഷം 597 പേർക്ക് ചെള്ളു പനി സ്ഥിരീകരിച്ചു. 14 പേരുടെ ജീവൻ പൊലിഞ്ഞു. മുൻ വർഷങ്ങളിലും ചെള്ളു പനി നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പെടെ ചെള്ളു പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് സംഘം സാംപിളുകൾ ശേഖരിക്കും. സ്‌റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ നിന്നുള്ള സാംപിളുകളും പഠന വിധേയമാക്കും.

മൃഗങ്ങളിൽ കാണുന്ന ചെള്ളുകൾ കടിക്കുന്നതിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. പലപ്പോഴും തിരിച്ചറിയാതിരിക്കുകയും തലച്ചോറിനേയും ഹൃദയത്തേയും ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുകയുമാണ് ചെയ്യുന്നത്.

Advertisement