കണ്ണൂർ വിമാനത്താവളത്തിലെത്തിച്ച കോടിയേരിയുടെ മൃതദേഹം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചേർന്ന് ഏറ്റുവാങ്ങി

കണ്ണൂർ: സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയർ ആംബുലൻസിൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി. കോടിയേരിയുടെ മൃതദേഹം എത്തിക്കുന്നത് കാത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിരവധി പേരാണ് എത്തിച്ചേർന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ ‍സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുള്കോ‍പ്പെടെയുള്ളവർ ചേർന്ന് കോടിയേരിയുടെ മ‍ൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തിൽനിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലെത്തിക്കും. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ട്. ശേഷം രാത്രിയിൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ മൃതദേഹം എത്തിക്കും.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ 11 മുതൽ പൊതുദർശനം. വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കും.

അർബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

Advertisement