പുതിയ സ്കൂൾ പാഠ്യപദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ

സുഗതന്‍ ശൂരനാട്

സ്വയം പ്രചോദിതരാകുന്ന കഥകൾ ഉണ്ടാകണം

നമ്മുടെ ക്‌ളാസിൽ ഇരിക്കുന്ന കുട്ടിക്ക് ഒരു പക്ഷേ നമ്മുടെ ഒരു വാക്കോ സമ്മാനമോ അവരുടെ ജീവിതത്തിലെ വഴിത്തിരിവാകാം.
അതുപോലെ തന്നെയാണ് അവർ പഠിക്കുന്ന പാഠപുസ്തകത്തിലെ പ്രചോദനകഥകളും. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിത വിജയം നേടിയ ആളുകളുടെ കഥ ഭാഷാ പുസ്തങ്ങളിലെങ്കിലും ഉൾപ്പെടുത്തുവാൻ ശ്രമിക്കണം.ജീവിതത്തിലെ സുഖം മാത്രം അനുഭവിച്ചു വളർന്ന് വരുന്ന ഇന്നത്തെ തലമുറക്ക് അതിന്റെ മറുവശം കൂടി ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയണം.

അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്നും അവർ പഠിക്കട്ടെ

2015 ൽ എന്റെ സ്കൂളിൽ കരനെൽകൃഷി നടത്തിയ വർഷം അഞ്ചാം ക്‌ളാസിലെ ഒരു കുട്ടി നെൽച്ചെടി ചൂണ്ടി കാണിച്ചു കൊണ്ട് എന്നോടായി ഒരു ചോദ്യം ചോദിച്ചു. “സർ ഇത് എന്നാ ചെടിയാണെന്ന് ” . പിന്നീട് നെൽകൃഷിയുടെ ഓരോ ഘട്ടങ്ങളും അവരെ ബോധ്യപ്പെടുത്തി ആ അരികൊണ്ട് അവർക്ക് അന്നം വിളമ്പി കൊടുക്കേണ്ടി വന്നു. ഇത് ഒരു കുട്ടിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. നമ്മുടെ മിക്ക കുട്ടികൾക്കും അറിയില്ല മൂന്നു നേരം കഴിക്കുന്ന അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്ന്.ഭാവിയിൽ നമ്മുടെ രാജ്യത്ത് കൃഷി ചെയ്യുന്നവരും വേണമല്ലോ. അന്യം നിന്നുപോയ കാർഷിക സംസ്കാരം നമ്മുടെ കുട്ടികളിൽ തിരിച്ചു കൊണ്ടുവരണം. കൃഷിയുടെ പ്രാധാന്യവും അതിലൂടെയുള്ള ഭക്ഷണത്തിന്റെ
ശുദ്ധിയും കുട്ടികൾ പഠിക്കട്ടെ.
അതിനായി ആഴ്ചയിൽ ഒരു പീരീഡ് കൃഷി പാഠത്തിനായി മാറ്റിവെയ്ക്കാം.വിവിധ കാർഷിക വിളകളെ കുറിച്ചും കർഷകർ നേരിടുന്ന പ്രതിസന്ധികളെകുറിച്ചും കാലാവസ്ഥാ വ്യതിയാനവും കൃഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൃഷി പാഠത്തിൽ ഉൾപെടുത്താം. പഠനത്തിന്റെയും പരീക്ഷകളുടെയും മാനസിക സംഘർഷത്തിൽ നിന്നും അവർ മുക്തരാക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ ഭാവിയിലെ മികച്ച കർഷകരും ഉണ്ടാകട്ടെ.എന്നാലല്ലേ ഭാവിയിൽ അവർക്ക് മൂന്നു നേരം കഴിക്കാൻ പറ്റുകയുള്ളൂ…..

ലേഖകന്‍ എൽ. സുഗതൻ, അദ്ധ്യാപകനും( വി വി എച്ച് എസ്‌ എസ്സ് താമരക്കുളം, ആലപ്പുഴ)
സംസ്ഥാന അദ്ധ്യാപക -സംസ്ഥാന വനമിത്ര അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമാണ് ഫോണ്‍. 9496241070

Advertisement