കൊച്ചിയിൽ വ്യാപക ലഹരിമരുന്നുവേട്ട; ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: എറണാകുളം സിറ്റി പൊലീസിന്റെ മിന്നൽ പരിശോധനയിൽ മട്ടാഞ്ചേരിയിൽ നിന്നു വൻ ലഹരിമരുന്ന് വേട്ട. ലക്ഷങ്ങൾ വിലയുള്ള 493 ഗ്രാം എംഡിഎംഎയുമായി യുവവ് പൊലീസ് പിടിയിലായി.

പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പൊലീസ് പിടിയിലായത്. ഇയാളുടെ വാഹനം തടഞ്ഞു പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇയാളിൽ നിന്ന് 20,000 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടിലെ പ്രമുഖനാണ് പിടിയിലായ ശ്രീനിഷെന്നു പൊലീസ് പറഞ്ഞു.

കൊച്ചിയിൽ ലഹരി ഉപയോഗവും കൊലപാതകവും തുടർ കഥയായതോടെ പൊലീസിനു നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിനിടെ ശക്തമായ നടപടി എടുക്കാൻ സർക്കാരിൽ നിന്നു നിർദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ജില്ലയിൽ വ്യാപക പരിശോധന നടത്തിയത്. ലോഡ്ജുകളിലും ലഹരി മാഫിയ സംഘങ്ങൾ തമ്പടിക്കാനിടയുള്ള പ്രദേശങ്ങളിലും നടത്തിയ റെയ്ഡിൽ ഇന്നലെ മാത്രം നൂറിലേറെ കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് 42 കേസ് റജിസ്റ്റർ ചെയ്തതായി സെൻട്രൽ എസിപി പി.സി.ജയകുമാർ പറഞ്ഞു. എറണാകുളം സൗത്ത്, മറൈൻഡ്രൈവ് പ്രദേശങ്ങളിൽ പരിശോധനകളിൽ ലഹരിയുമായി പത്തു പേരെ പിടികൂടിയിട്ടുണ്ട്. ഷാഡോ പൊലീസിന്റെ പരിശോധനയിൽ 41 പേർ പിടിയിലായിട്ടുണ്ട്.

Advertisement