അഭിഭാഷക സമ്മേളനത്തിന് പൊലീസിന്റെ സഹായം തേടി സംഘടന, മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന മുന്നറിയിപ്പ് അംഗങ്ങള്‍ക്കും

കൊച്ചി: ഇന്ന് വൈകിട്ട് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഹൈക്കോടതി അഭിഭാഷകരുടെ സമ്മേളനത്തിന് സംഘടന പൊലീസിന്റെ സഹായം തേടി. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വൈകിട്ട് നാലര മുതല്‍ പതിനൊന്നര വരെ സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്.

പൊലീസ് പ്രദേശത്ത് രാത്രി ശക്തമായ നിരീക്ഷണം നടത്തുന്നതിനാല്‍ സംഘടനയിലെ അംഗങ്ങള്‍ മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന നിര്‍ദ്ദേശം സംഘടന സെക്രട്ടറി അഡ്വ. ആനന്ദ് കെയാണ് നല്‍കിയിട്ടുള്ളത്. ഏതായാലും ഈ കത്തുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അഭിഭാഷകരും പൊലീസും തമ്മില്‍ കരുനാഗപ്പള്ളിയില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഇത്രയധികം സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

Advertisement