സിപിഎം നേതാക്കളെ പ്രതിക്കൂട്ടിലാക്കി ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ്

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിലാക്കി പാർട്ടി അനുഭാവിയുടെ ആത്മഹത്യാക്കുറിപ്പ്. പെരുനാട് സ്വദേശി മേലേതിൽ ബാബുവിനെ ആണ് ഇന്നു രാവിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് താങ്ങാനാവാതെയാണ് ആത്മഹത്യയെന്നും ആരോപിക്കുന്ന കുറിപ്പ് കണ്ടെടുത്തു.

ബാബുവിന്റെ വീടിനോട് ചേർന്നുള്ള പഞ്ചായത്ത് വെയിറ്റിങ് ഷെഡിന്റെ നിർമാണത്തെ ചൊല്ലി മുൻപ് തർക്കമുണ്ടായിരുന്നു. വെയ്റ്റിങ് ഷെഡ് നിർമിക്കാനായി ബാബു മുൻപ് സ്ഥലം വിട്ടുനൽകിയിരുന്നതാണ്. അടുത്തിടെ വെയ്റ്റിങ് ഷെഡ് വിപുലീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2.5 സെന്റ് ഭൂമി ബലമായി അളന്നെടുത്തെന്നാണ് ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.

സിപിഎം ജില്ലാ കമ്മിറ്റി അഗംവും പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, വാർഡ് മെമ്പർ വിശ്വൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബി എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്

Advertisement