വിജ്ഞാന മൂലധനത്തിലേക്ക് കേരളം മാറും: എം.വി. ഗോവിന്ദൻ മാസ്റ്റർ

വിജ്ഞാന മൂലധനത്തിലേക്ക് കേരളം മാറും: എം.വി. ഗോവിന്ദൻ മാസ്റ്റർ
‘ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ ’ ബെന്യാമിന് നൽകി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പണാധിപത്യത്തിന്റെ പഴയകാല രൂപത്തിൽ നിന്നും മാറി വിജ്ഞാന മൂലധനത്തിലേക്ക് കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മുൻമന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എഴുത്തുകാരനും അധ്യാപകനുമായ ഡോ. എ. കെ. അബദുൽഹക്കീം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സാഹിത്യകാരൻ ബെന്യാമിൻ പുസ്തകം ഏറ്റുവാങ്ങി.
ഏത് രാജ്യത്തെ കുറിച്ച് എഴുതിയാലും കേരളത്തിൽ കാലുറപ്പിച്ചാണ് മലയാളി എഴുതുകയെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മനുഷ്യന്റെ ബോധമനസ്സ് അനുസ്യൂതം നവീകരിക്കപ്പെടുന്നതാണ്. കേരളത്തെയും കേരളത്തിന്റെ പ്രകൃതിയുടെ ആകർഷണത്തെയും ഒഴിവാക്കാനാവില്ല. അമ്പത് വർഷം മുമ്പ് എസ്.കെ.പൊറ്റെക്കാട്ട് എഴുതിയ കാര്യങ്ങളല്ല ഇന്ന് ആഫ്രിക്കയിലേക്ക് ആരെങ്കിലും യാത്രചെയ്യുമ്പോൾ എഴുതുക. കേരളത്തിന്റെ സാമൂഹികജീവിതത്തിൽ ഏറെ മാറ്റമുണ്ടായിരിക്കുകയാണ്. ആ മാറ്റങ്ങൾ ഉൾക്കൊണ്ടുമാത്രമേ എഴുതാൻ സാധിക്കുള്ളൂ. ആഫ്രിക്കയെ പറ്റിയാവട്ടെ, അമേരിക്കയെ പറ്റിയാവട്ടെ എഴുതുമ്പോൾ കേരളത്തെ പറ്റി എഴുതാതെ നമുക്ക് കടന്നു പോകാനാവില്ല. യാത്രയുടെ സാംസ്കാരിക ഭൂപടം, സാംസ്കാരിക അടിത്തറ എന്നിവ അനുനിമിഷം മാറുകയാണ്. പൊറ്റെക്കാട്ട് കണ്ട അഫ്രിക്കയല്ല, സക്കറിയ കണ്ടത്, സക്കറിയ കണ്ട ആഫ്രിക്കയും ഹക്കീം കണ്ട ആഫ്രിക്കയും വേറിട്ടതാണ്. രണ്ട് പതിറ്റാണ്ട് അപ്പുറം കേരളത്തിൽ നിന്ന് ആഫ്രിക്കയിലേക്ക് യാത്ര പോകുമ്പോൾ പുതിയ സാംസ്കാരിക മാപിനികൾ ഉപയോഗിക്കേണ്ടതായി വരും. ലോകവും കേരളവും അത്ര കണ്ട് അനുനുമിഷം മാറുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്. 64006 കുടുംബങ്ങൾ മാത്രമേ അതിദരിദ്രരായി കേരളത്തിൽ ഉള്ളൂ. അവരുടെയും ദാരിദ്ര്യം 4 വർഷം കൊണ്ട് മാറ്റിയെടുക്കും. ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ ജീവിക്കാൻ സാധിക്കുന്ന സംസ്ഥാനം കേരളമാണ്. അമർത്യസെൻ പറഞ്ഞ കേരള മോഡൽ അതാണ്. ഇനി കേരളം വിജ്ഞാന സമൂഹമാകും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിക്കുന്ന സ്റ്റാർട്ട്‌അപ്പുകളുടെ കേന്ദ്രം കേരളമാണ്. ഇതിന്റെ എണ്ണം ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുദ്ധേശ്യവുമില്ലാതെ യാത്രചെയ്യുകയെന്നത് മലയാളിക്ക് പരിചിതമല്ലാത്ത അനുഭവമാണെന്ന് ബെന്യാമിൻ പറഞ്ഞു. യാത്രയുടെ സാംസ്കാരിക-രാഷ്ട്രീയ അനുഭവം കണ്ടെത്തുകയെന്നത് പുതിയ പ്രവണതയാണ്. ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുള്ളത് യാത്രാവിവരണ ഗ്രന്ഥങ്ങൾക്കാണ്. മലയാളി പൂർണ്ണമായ അർത്ഥത്തിൽ യാത്രചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് കാലമേ ആകുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം പ്രസ്സ്ക്ലബിലെ ടി.എൻ.ജി ഹാളിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സി. അബദുൽ നാസർ പുസ്തകം പരിചയപ്പെടുത്തി. മുൻ എം.പി. ഡോ. എ. സമ്പത്ത്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ഡോ. സുപ്രിയ ആർ, സഞ്ചാര സാഹിത്യകാരൻ സജി മാർക്കോസ്, ഗ്രന്ഥകാരൻ ഡോ. എ. കെ. അബദുൽഹക്കീം എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ. പ്രിയ വർഗീസ്‌ സ്വാഗതവും പുസ്തകത്തിന്റെ എഡിറ്റർ എം. യു. പ്രവീൺ നന്ദിയും പറഞ്ഞു.

Advertisement