തിരുവനന്തപുരം. വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് കൊല്ലത്ത് അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. അഭിരാമിയുടെ പിതാവ് അജികുമാര്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും ജപ്തിനോട്ടീസ് അദ്ദേഹത്തിന് കൈമാറിയില്ല. ബാങ്കിന്റെ നടപടിക്രമങ്ങളില്‍ നിരവധി വീഴ്ചകളുണ്ടെന്നാണ് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ പ്രാഥമിക റിപോര്‍ട്ടിലെ കണ്ടെത്തല്‍. പിശക് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

കേരളബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ശൂരനാട് സ്വദേശി അജികുമാറിന്റെ മകള്‍ അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്കിന്റെ ഭാഗത്തുനിന്ന് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സഹകരണ രജിസ്ട്രാര്‍ കേരള ബാങ്കിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്.

അഭിരാമിയുടെ അച്ഛന്‍ അജികുമാറാണ് ലോണ്‍ എടുത്തത്. എന്നാല്‍ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും ജപ്തി നോട്ടീസ് അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് നല്‍കിയതില്‍ വീഴ്ച പറ്റി. മാത്രമല്ല നോട്ടീസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശിധരന്‍ ആചാരി നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ മറ്റ് നടപടികള്‍ എല്ലാം സര്‍ഫാസി നിയമപ്രകാരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്കാണെന്നും സര്‍ഫാസി നിയമം നടപ്പാക്കേണ്ടി വന്നത് ആര്‍ബിഐ നിബന്ധന കാരണമാണെന്നും മന്ത്രി വി.എന്‍.വാസവന്‍.

ബാങ്കിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട് സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here