ന്യൂഡെല്‍ഹി . പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഐഎസ്ഐഎസ്, ലഷ്കറെ തോയ്ബ, അല്‍ഖ്വയ്ദ തുടങ്ങിയ സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചതായും ഭീകരവാദ പ്രവര്‍ത്തത്തിലൂടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസില്‍ തുടരന്വേഷണം വേണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരളത്തിലെ കേസില്‍ അറസ്റ്റിലായവരെ നാളെയോ തിങ്കളാഴ്ചയോ കസ്റ്റഡിയില്‍ വാങ്ങും.

RC2/2022 എന്ന എഫ്ഐആര്‍ പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഐഎസ്ഐഎസ്, ലഷ്കറെ തോയ്ബ, അല്‍ഖ്വയ്ദ തുടങ്ങിയ സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചതായും ഭീകരവാദ പ്രവര്‍ത്തത്തിലൂടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഇതരമതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടന്നു. ക്രിമിനല്‍ പ്രവൃത്തികളിലൂടെ പൊതുസമൂഹത്തില്‍ ഭീതി വിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിച്ചു
സര്‍ക്കാര്‍ നടപടികളെ തെറ്റായി വ്യാഖ്യാനിച്ച് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ രാജ്യ വിരുദ്ധത പ്രചരിപ്പിച്ചു തുടങ്ങി റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നീളുന്നു.

ഒരു പ്രത്യേക സമുദായത്തിലെ പ്രധാന നേതാക്കളെ പിഎഫ്ഐ ലക്ഷ്യം വച്ചതായും ഇതിനായി തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റ് പിടിച്ചെടുത്തെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ആകെ 13 പ്രതികളുള്ള കേസില്‍ 11 പേര്‍ പിടിയിലായതായും റൗഫ്, അബ്ദുള്‍ സത്താര്‍ എന്നീ സംസ്ഥാന നേതാക്കള്‍ അറസ്റ്റിലാകാനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളുടെ ഇടപാടുകളും സ്വാധീനവും വെളിവാക്കുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തതായും അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.