എ.കെ.ജി സെന്റർ ആക്രമണം, യൂത്ത് കോൺഗ്രസ് നേതാവ് ജിതിനിലേക്കു അന്വേഷണമെത്തുന്നതിൽ മുഖ്യ തെളിവായത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്ന കാറും അക്രമി ധരിച്ച ടീ ഷർട്ടും ചെരിപ്പുമെന്ന് ക്രൈംബ്രാഞ്ച്.

ചോദ്യം ചെയ്യലിൽ ജിതിൻ കുറ്റം സമ്മതിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.എന്നാൽ അക്രമി എത്തിയ സ്കൂട്ടറിൻ്റെ നമ്പർ പോലും തെളിയാത്ത സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് അക്രമിയുടെ വസ്ത്രത്തിൻ്റെ ബ്രാൻഡ് എങ്ങനെ തിരിച്ചറിഞ്ഞെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആക്ഷേപം.

എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു.പടക്കനിർമ്മാണ ശാലകളിലും,ഡിയോ സ്കൂട്ടർ ഉടമകൾക്കും പിന്നാലെ ചുറ്റിത്തിരിഞ്ഞ ക്രൈം ബ്രാഞ്ച് അന്വേഷണം ഒരു മാസം മുൻപാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്കു തിരിഞ്ഞത്.നിർണായകമായത് മൂന്നു തെളിവുകൾ.ഒന്നാമത്തേത് ക്രൈം ബ്രാഞ്ച് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്ന ഈ കാർ.സ്‌ഫോടക വസ്‌തു എറിഞ്ഞ ശേഷം സ്കൂടറിൽ തിരികെ മടങ്ങിയ ജിതിൻ ഗൗരീശപട്ടത്ത് വച്ച് അവിടെ കാത്ത് നിന്ന കാറിലെക്ക് കയറി.കെ. എസ്.ഇ.ബിക്ക് വാടകയ്ക്ക് ഓടുന്ന ആ കാർ ജിതിൻ്റെതാണ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു.

അക്രമ സമയത്ത് ഗൗരീശപട്ടത്ത് ജിതിൻ ഉണ്ടന്ന് മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു.രാത്രി എന്തിന് വന്നെന്ന് ചോദിച്ചപ്പോൾ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ വന്നതാണെന്ന മറുപടി നുണയാണന്നും തട്ടുകടക്കാരുടെ മൊഴി ലഭിച്ചു.മൂന്നാമത്തേത് അക്രമിയുടെ ടീ ഷർട്ടും ഷൂസും.അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ വിദഗ്ധമായി പരിശോധിച്ചപ്പോൾ മാക്സ് കമ്പനിയുടെ മെയ് മാസം വിൽപ്പന തുടങ്ങിയ മോഡൽ ടീ ഷർട്ടാണ് ധരിച്ചതെന്ന് കണ്ടു.ആക്രമണത്തിന് ഒരാഴ്ച മുൻപ് ഇത്തരം ടീ ഷർട് ജിതിൻ വാങ്ങിയെന്നും കണ്ടെത്തൽ.ദൃശ്യങ്ങളിൽ കണ്ടതു പോലത്തെ ഷൂ ജിതിനുണ്ടെന്ന് സ്ഥിരീകരിച്ചതും മുഖ്യ തെളിവായി ക്രൈംബ്രാഞ്ച് പറയുന്നു.എന്നാൽ സ്കൂട്ടറിൻ്റെ നമ്പർ പോലും തിരിച്ചറിയാത്തതായിരുന്നു സി.സി.ടി.വി ദൃശ്യം.അതിൽ നിന്ന് എങ്ങനെ ഷർട്ടിൻ്റെ ബ്രാൻഡ് മനസിലായെന്ന ചോദ്യം ഉയരുന്നുണ്ട്.മുഖ്യ തെളിവായ ഷർട്ടും ഷൂസും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ജിതിന് സ്കൂട്ടർ എത്തിച്ച രണ്ടാമൻ ആരെന്നതിലും അന്വേഷണത്തെ തുടരും. എ.കെ.ജി സെന്റർ ആക്രമണ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറികളും ഇനിയുമുണ്ടാക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here