കൊച്ചി : ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട്‌ ഹൈക്കോടതി .
അനുമതി വ്യവസ്ഥകളടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. പോലീസ് നല്‍കിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം.യാത്രയുടെ പേരില്‍ റോഡില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നല്‍കി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാര്‍ക്ക് പണം ഈടാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ഹ‍ര്‍ജിയിലുണ്ട്. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കിയുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത്.