തിരുവനന്തപുരം:
എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ പിടികൂടിയപ്പോൾ നാടകമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഏതെങ്കിലും ഒരു പ്രതിയെ സിപിഎമ്മും പോലീസും അവതരിപ്പിക്കുമെന്ന് കുറച്ചുദിവസമായി കണക്കുകൂട്ടിയിരുന്നു എന്നാണ് ബൽറാമിന്റെ ന്യായീകരണം. അതെല്ലാം ആ നിലയ്ക്ക തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും ബൽറാം പറഞ്ഞു
അതേസമയം ബൽറാം പറയുന്നതുപോലെ ഏതെങ്കിലുമൊരു പ്രതിയല്ല പോലീസ് കസ്റ്റഡിയിലെടുത്ത ജിതിൻ. ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് പ്രതി. ഇയാളുടെ കാർ സഹിതം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ വാർത്തയോട് പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ശബരിനാഥൻ പറഞ്ഞു
ആക്രമണത്തിന് പിന്നിലെ എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാൻ സാധിക്കണം. 
യൂത്ത് കോൺഗ്രസിന്റെ മണ്ഡലം നേതാവ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇനിയും അന്വേഷണം നടത്തി മറ്റ് പ്രതികളെ കണ്ടെത്തണം. കേരളാ പോലീസിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. ഓരോ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അതോടെ കോൺഗ്രസ് നേതാക്കൾക്ക് ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.