തിരുവനന്തപുരം.സംസ്ഥാനത്തൊട്ടാകെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 25 പേര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം അറസ്റ്റിലായിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ്, വിവിധ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്, രാജ്യത്തെ വിവിധയിടങ്ങളില്‍ നടന്ന കലാപങ്ങളിലെ പങ്ക് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു റെയ്ഡ്.

നാല് ദിവസം മുന്‍പ് തുടങ്ങിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ഐഎ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. ഇന്നലെ രാത്രിയോടെ ആരംഭിച്ച പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു.
കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ഡല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിനൊപ്പം കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും കേന്ദ്ര സേനാംഗങ്ങളും സംസ്ഥാന പോലീസും റെയ്ഡില്‍ പങ്കെടുത്തു. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന നേതാക്കളായ യഹിയ തങ്ങള്‍, പി.കെ. ഉസ്മാന്‍, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്ദ്, കേന്ദ്ര കമ്മറ്റി അംഗങ്ങൾ ആയ ഇ എം അബ്ദുൾ റഹിമാൻ, അഫ്സർ ബാഷ തുടങ്ങിയവര്‍ അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. സുരക്ഷ കണക്കിലെടുത്ത് അറസ്റ്റിലായവരുടെ വൈദ്യ പരിശോധന എന്‍ഐഎ ഓഫീസില്‍ നടത്തി. വൈകിട്ടോടെ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here