കരുനാഗപ്പള്ളി പുതിയകാവിലും എൻ ഐ എ റെയ്ഡ്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും, ഓഫീസുകളിലുമാണ് റെയ്ഡ്

കേന്ദ്രസേനയുടെയും പോലീസിൻ്റെയും സഹായത്തോടെയാണ് റെയ്ഡ് നടക്കുന്നത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ വീട്ടിലും റെയ്ഡ്.

പോപ്പുലർ ഫ്രണ്ടിൻ്റെ അധീനതയിലുള്ള കാരുണ്യ ട്രസ്റ്റിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്.

കേരളം അടക്കം 10 സംസ്ഥാനങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ, ഇഡി റെയ്‌ഡ്; ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ 100 പേർ കസ്റ്റഡിയിൽ

കേരളം അടക്കം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നടന്ന റെയ്‌ഡിൽ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളടക്കം ഒൻപതു പേരെ എൻഐഐ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 4.30 നാണ് റെയ്‌ഡ് ആരംഭിച്ചത്.  10 സംസ്ഥാനങ്ങളിലായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 100 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. 

ഡൽഹിയിലും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അൻപതിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്‌ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടിൽ നിന്ന് എൻഐഐ കസ്റ്റഡിയിൽ എടുത്തു. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്‌ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി മുണ്ടു കോട്ടക്കൽ സാദിഖിന്റെയും
അടൂർ പറക്കോട് മേഖല ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂർ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്‌ഡ് നടന്നു.

റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും പരിശോധന നടന്നതിനു പിന്നാലെ പ്രവർത്തകർ ഓഫിസിനു മുൻപിൽ പ്രതിഷേധിച്ചു. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും എതിര്‍ ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ എതിർത്തു തോൽപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here