തിരുവനന്തപുരം. കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ.മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.പ്രതിഷേധങ്ങൾക്കു പിന്നാലെ കെ.എസ്.ആർ.ടി.സി ജീവനക്കാരായ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പായ സ്ത്രീത്വത്തെ അപമാനിക്കൽ കൂടി പോലീസ് ചുമത്തി.എന്നാൽ പ്രതികളെ ഇത് വരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസെഷൻ പുതുക്കാനായി എത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിലാണ് സി.എം.ഡിയുടെ മാപ്പപേക്ഷ.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സിഎംഡിയുടെ പ്രതികരണം. സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവമാണ് കാട്ടാക്കട യൂണിറ്റിൽ നടന്നിട്ടുള്ളത്.തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവം.സ്ഥാപനത്തിന്‍റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു.

ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്‍നം അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്‍റ് സംരക്ഷിക്കില്ലെന്നും സി.എം.ഡി വ്യക്തമാക്കി. പോലീസ് നിസ്സാര വകുപ്പുകൾ ചുമത്തിയതിനെതിരെ മർദ്ദനമേറ്റ പ്രേമനൻ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

പിന്നാലെ പ്രേമനന്റെ മകളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടി പ്രതികൾക്കെതിരെ ചുമത്തി.

സംഭവത്തിൽ അഞ്ചു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.എന്നാൽ ഇത് വരെ അറസ്റ്റിലേക്ക് കടന്നിട്ടില്ല.